ഏക സിവില്‍ കോഡ്: മുസ്ലീം ലീഗുമായി യോജിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റർ; സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്
ഏക സിവില്‍ കോഡ് വിഷയത്തില്‍ സംസ്ഥാനത്തെ പ്രതിപക്ഷമായ മുസ്ലീം ലീഗുമായി യോജിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു. യുസിസിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് പല തട്ടിലാണ്. ഏക സിവില്‍ കോഡ് വിഷയത്തില്‍ ലീഗുമായി യോജിക്കുന്നതില്‍ പ്രശ്‌നമില്ല.
അത് ഒരു രാഷ്ട്രീയ മുന്നണിയല്ലെന്നും ലീഗ് യുഡിഎഫിന്റെ ഭാഗമാണ്. അവരുമായി എങ്ങനെ സഖ്യമുണ്ടാക്കും? ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോള്‍ അതിനെ സ്വാഗതം ചെയ്യാറുണ്ടെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, ഏക സിവില്‍ കോഡ് വിഷയത്തില്‍ എം വി ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് രംഗത്തെത്തി . വിഷയത്തിൽ ഇടതുപക്ഷം ഉള്‍പ്പടെ എല്ലാവരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഏക സിവില്‍ കോഡില്‍ ലീഗുമായി യോജിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന എം വി ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഏക സിവില്‍ കോഡിനെതിരെ ആരുമായും സഹകരിക്കും. ഏക സിവില്‍ കോഡ് വിരുദ്ധ മുന്നണിയില്‍ ലീഗും അംഗമാകും. പാര്‍ലമെന്റ് ബില്‍ പാസാക്കാന്‍ പാടില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.