പരാതിയുമായി മേയര്‍ ആര്യ രാജേന്ദ്രന്‍; മാപ്പ് പറയില്ലെന്ന് ജെബി മേത്തര്‍ എംപി

single-img
14 November 2022

പ്രതിഷേധ പ്രകടനത്തിൽ സ്ത്രീവിരുദ്ധ പരാമർശത്തിൽ ജെബി മേത്തര്‍ എംപിക്കെതിരെ നിയമനടപടിയുമായി മേയര്‍ ആര്യ രാജേന്ദ്രന്‍. മേയറുടെ രാജി ആവശ്യപ്പെട്ട് ഇന്ന് നഗരസഭയിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ജെബി മേത്തര്‍ നടത്തിയ പരാമര്‍ശം അപകീര്‍ത്തികരണമാണെന്നാണ് പരാതി.

പ്രകടനത്തിൽ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നതിനിടെ കൊണ്ടുവന്ന ഒരു പെട്ടിയിൽ ‘കട്ട പണവുമായി മേയര്‍ കുട്ടി കോഴിക്കോട്ടേക്ക് വിട്ടോളൂ, പെട്ടി മഹിളാ കോണ്‍ഗ്രസ് വക ‘എന്നായിരുന്നു എഴുതിയിരുന്നത്. ഈ പ്രസ്താവനയിൽ അടങ്ങിയിട്ടുള്ള സ്ത്രീവിരുദ്ധത മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴും തിരുത്താന്‍ ജെബി മേത്തര്‍ എംപി തയ്യാറായിരുന്നില്ല. താൻ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മാപ്പ് പറയാന്‍ തയ്യാറല്ലെന്നും ജെബി മേത്തര്‍ എംപി പ്രതികരിച്ചു.

വിവാഹം കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെ വീടാണ് പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതം ആ അര്‍ത്ഥത്തിലാണ് താന്‍ അങ്ങനെ പറഞ്ഞതെന്നായിരുന്നു എംപിയുടെ പ്രതികരണം.