പൊതുവിടങ്ങളിൽ മാസ്ക് ധരിക്കുന്നത് തുടരണം; കോവിഡിനെതിരെ ജാ​ഗ്രത പാലിക്കാൻ കേന്ദ്രസർക്കാർ

single-img
21 December 2022

ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ഇപ്പോൾ നടക്കുന്ന കൊവിഡ് വ്യാപനം കണക്കിലെടുത്ത് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ . പൊതുവിടങ്ങളിൽ മാസ്ക് ധരിക്കുന്നത് തുടരണമെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

ഇന്ത്യയിൽ കൊവിഡ് പ്രതിരോധം ശക്തമാക്കണം. കൊവിഡ് ഇതുവരെ അവസാനിച്ചിട്ടില്ല. ജാ​ഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദേശിച്ചിട്ടുണ്ട്. അതേസമയം തന്നെ ഏത് സാഹചര്യത്തേയും നേരിടാൻ രാജ്യം തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോ​ഗത്തിലാണ് നിർദേശം.പൊതുസ്ഥലങ്ങളിലെ ആൾകൂട്ടങ്ങളുളള ഇടങ്ങളിലും വീടിന് അകത്തും പുറത്തും മാസ്ക് ധരിക്കുന്നത് തുടരണമെന്ന് യോ​ഗത്തിന് ശേഷം നീതി ആയോ​ഗ് അം​ഗം ഡോ വി കെ പോൾ നിർദേശിച്ചു.

വാക്സിന്റെ മുൻകരുതൽ ഡോസ് സ്വീകരിക്കാൻ വൈകരുത്. ഇതേവരെ ഇന്ത്യയിൽ 27-28 ശതമാനം പേർ മാത്രമാണ് മുൻകരുതൽ ‍ഡോസ് സ്വീകരിച്ചത്. മുതിർന്ന പൗരന്മാർ ഇക്കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യരുതെന്നും വി കെ പോൾ പറഞ്ഞു. പുതിയ വകഭേദങ്ങൾ തിരിച്ചറിയുന്നത് സു​ഗമമാക്കുന്നതിനായി കൊവിഡ് പോസിറ്റീവ് കേസുകളുടെ സാമ്പിളുകൾ ഇൻസകോ​ഗ് ലാബുകളിലേക്ക് അയക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.