മണിപ്പൂരിൽ കുക്കി ആധിപത്യമുള്ള പ്രദേശങ്ങള്‍ക്ക് പ്രത്യേക ഡിജിപി വേണം; പ്രധാനമന്ത്രിക്ക് എംഎല്‍എമാരുടെ കത്ത്

single-img
17 August 2023

വർഗീയ കലാപം തുടരുന്ന മണിപ്പൂരിൽ കുക്കി ആധിപത്യമുള്ള പ്രദേശങ്ങള്‍ക്ക് പ്രത്യേക ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും അനുവദിക്കണമെന്ന് കുക്കി എംഎല്‍എമാര്‍. ഇതുമായി ബന്ധപ്പെട്ട് മെയ്‌തേയി, കുക്കി എംഎല്‍എമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

മണിപ്പൂരിലെ 40 എംഎല്‍എമാരാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഇവരില്‍ ഭൂരിഭാഗവും മെയ്‌തേയ് സമുദായത്തില്‍പ്പെട്ടവരാണ്. പ്രധാനമായും കുക്കി ആധിപത്യമുള്ള അഞ്ച് മലയോര ജില്ലകളില്‍ പ്രത്യേക ചീഫ് സെക്രട്ടറി, ഡിജിപി തസ്തികകള്‍ അല്ലെങ്കില്‍ അതിന് തുല്യമായ തസ്തികകള്‍ അനുവദിക്കണമെന്നാണ് കുക്കി-സോമി എംഎല്‍എമാര്‍ ആവശ്യപ്പെടുന്നത്.

ചുരാചന്ദ്പൂര്‍, കാങ്പോക്പി, ചന്ദേല്‍, തെങ്നൗപല്‍, ഫെര്‍സാള്‍ എന്നിവയാണ് കുക്കി ആധിപത്യമുള്ള അഞ്ച് ജില്ലകള്‍. നിലവിൽ സംഘര്‍ഷം കാരണം, കുക്കി സമൂഹം താമസിക്കുന്ന പല പ്രദേശങ്ങളും തലസ്ഥാനമായ ഇംഫാലില്‍ നിന്ന് പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടു. കാര്യക്ഷമമായ ഭരണത്തിന് ഈ തസ്തികകള്‍ ആവശ്യമാണെന്നും എംഎല്‍എമാര്‍ കത്തില്‍ വ്യക്തമാക്കി. കൂടാതെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 500 കോടി അനുവദിക്കണമെന്നും കത്തില്‍ പറയുന്നു.