കേരളത്തിൽ ഏറ്റവും അധികം അഴിമതി ഉള്ള വകുപ്പ് തദ്ദേശ സ്വയംഭരണ വകുപ്പ്

single-img
6 February 2023

കഴിഞ്ഞ ആറ് വർഷത്തിനിടെ ഏറ്റവുമധികം വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തത് തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് എന്ന് റിപ്പോർട്ട്. 2017 മുതൽ സംസ്ഥാനത്ത് 1,061 സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അഴിമതിക്കേസുകളിൽ കേസെടുത്തിട്ടുണ്ട്. ഇതിൽ 154 പേർ തദ്ദേശ സ്വയംഭരണ വകുപ്പിൽ ജോലി ചെയ്യുന്നവർ ആണ്.

കേരള നിയമസഭയിൽ നിയമസഭാംഗം സണ്ണി ജോസഫിന്റെ ചോദ്യത്തിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്. 1,061 ൽ 154 പേർ എൽഎസ്ജിഡി, 97 പേർ റവന്യൂ, 61 പേർ സഹകരണ വകുപ്പ്, 37 പേർ സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്സ്, 31 പേർ പൊലീസ്, 29 പേർ പൊതുമരാമത്ത്, 25 പേർ വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പിൽ നിന്ന് 23 പേര് എന്നിങ്ങനെയാണ് കേസുകളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെ എണ്ണം.

അഴിമതിക്കേസുകളിൽ നിലവിൽ സസ്‌പെൻഷനിലായ ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥർ റവന്യൂ വകുപ്പിൽ നിന്നുള്ള 22 ഉദ്യോഗസ്ഥരാണ്. എൽഎസ്ജിഡിയിൽ നിന്ന് 19, ആരോഗ്യത്തിൽ നിന്ന് എട്ട്, രജിസ്ട്രേഷനിൽ നിന്ന് ആറ്, മോട്ടോർ വാഹന വകുപ്പിൽ നിന്ന് അഞ്ച്, പോലീസിൽ നിന്ന് നാല് എന്നിങ്ങനെയാണ് ഉദ്യോഗസ്ഥരുടെ എണ്ണം.

വിവിധ ആവശ്യങ്ങൾക്കായി പൊതുജനങ്ങൾക്കുള്ള ജാലകമായതിനാൽ എൽഎസ്ജിഡി ഉദ്യോഗസ്ഥർക്കെതിരെയുള്ള കേസുകളുടെ എണ്ണം കൂടുതലാണ്. റവന്യൂ വകുപ്പിന്റെ സ്ഥിതിയും ഇതുതന്നെ. പൊതുജനങ്ങളിൽ നിന്നുള്ള സൂചനകളെ തുടർന്നാണ് പൊതുപ്രവർത്തകർ പിടിക്കപ്പെടുന്നത്, ”ഒരു വിജിലൻസ് ഓഫീസർ പറഞ്ഞു.