ഇറാൻ യുദ്ധവാർത്തകൾ ജനങ്ങളിൽ ഭീതിയുണ്ടാക്കാൻ സാധ്യത; ചാനലുകളുടെ ബാർക് റേറ്റിംഗ് നാലാഴ്ചത്തേക്ക് വിലക്കി കേന്ദ്ര സര്‍ക്കാര്‍

single-img
7 March 2026

ഇസ്രായേല്‍ – ഇറാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിൽ ടെലിവിഷൻ ചാനലുകളുടെ ബാർക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) റേറ്റിംഗ് നാലാഴ്ചത്തേക്ക് വിലക്കി കേന്ദ്ര സർക്കാർ. നാലാഴ്ചയ്ക്കോ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെയോ ടിആർപി ഡാറ്റാ വിലക്ക് തുടരാനാണ് സർക്കാർ നിർദേശം. ഇറാൻ യുദ്ധവാർത്തകൾ ജനങ്ങളിൽ ഭീതിയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ നിർദേശം.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ സംബന്ധിച്ച് ചില ന്യൂസ് ടിവി ചാനലുകള്‍ അനാവശ്യമായ പരിഭ്രാന്തി പരത്തുന്ന രീതിയിലുള്ള വാര്‍ത്തകളും ഊഹാപോഹങ്ങളും സംപ്രേഷണം ചെയ്യുന്നതായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

ഇത് പൊതുജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. വാർത്താവിതരണ മന്ത്രാലയം പുറപ്പെടുവിക്കുന്ന ഉത്തരവുകളും, ചട്ടങ്ങളും, മാർഗനിർദേശങ്ങളും കമ്പനി പാലിക്കേണ്ടതുണ്ടെന്നും ഉത്തരവിൽ പറയുന്നുണ്ട്.

ടെലിവിഷൻ റേറ്റിംഗിനായി 2014 ജനുവരി 16ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പുറപ്പെടുവിച്ച ‘ഇന്ത്യയിലെ ടെലിവിഷൻ റേറ്റിംഗ് ഏജൻസികൾക്കുള്ള നയ മാർഗനിർദ്ദേശങ്ങൾ’ അനുസരിച്ച്, ബാർക് രജിസ്റ്റേഡർഡ് ടെലിവിഷൻ റേറ്റിംഗ് ഏജൻസിയാണ്.