രാജ്യത്ത് ഇന്ധന വില കുറയ്ക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ

single-img
7 July 2026

രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഉടൻ കുറവുണ്ടാകുമെന്ന് സൂചന. ഈ മാസം 20-ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുൻപായി എണ്ണക്കമ്പനികൾ ഇന്ധനവില കുറച്ചേക്കും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടായ ഇടിവും സൗദി അറേബ്യ ക്രൂഡ് ഓയിൽ വില കുറച്ചതുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളർ വരെ ഉയർന്നപ്പോൾ രാജ്യത്ത് ഇന്ധനവില എട്ട് രൂപയോളമാണ് വർധിപ്പിച്ചത്. എന്നാൽ നിലവിൽ ക്രൂഡ് ഓയിൽ വില 70 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്. ഇതിനുപുറമെ, ഏഷ്യൻ വിപണിക്കുള്ള ക്രൂഡ് ഓയിൽ വില ബാരലിന് 11 ഡോളർ കുറയ്ക്കാൻ സൗദി അറേബ്യയും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യക്ക് കുറഞ്ഞ നിരക്കിൽ എണ്ണ ലഭ്യമാകുന്ന കരാറുകളും നിലവിലുണ്ട്.

അന്താരാഷ്ട്ര വിപണിയിലെ വിലയിടിവിനെത്തുടർന്ന് എണ്ണക്കമ്പനികളുടെ നഷ്ടം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നേരത്തെ 75,000 കോടി രൂപയായിരുന്ന നഷ്ടം ഇപ്പോൾ 50,000 കോടിയായി കുറഞ്ഞു. ഇതേ സാഹചര്യം ഒരു പത്ത് ദിവസം കൂടി തുടരുകയാണെങ്കിൽ കമ്പനികൾക്ക് നഷ്ടം പൂർണ്ണമായും നികത്താൻ സാധിക്കുമെന്നും, തുടർന്ന് ഇന്ധനവില കുറയ്ക്കുന്ന പ്രഖ്യാപനം ഉണ്ടായേക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

വില കുറയ്ക്കുന്നതിനെ പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ട്. പാർലമെന്റ് സമ്മേളനം ആരംഭിക്കുമ്പോൾ ഉയർന്ന ഇന്ധനവില പ്രതിപക്ഷം വലിയ പ്രതിഷേധ വിഷയമാക്കുമെന്ന് സർക്കാർ ഭയപ്പെടുന്നു. ഈ സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പാർലമെന്റ് സമ്മേളനത്തിന് മുൻപായി തന്നെ വില കുറയ്ക്കാനുള്ള നടപടികളിലേക്ക് നീങ്ങുന്നത്.