കോറോ ഹെൽത്ത് വിവാദം; സർക്കാർ മൗനത്തിനെതിരെ ജീവനക്കാർ, ചർച്ചയ്ക്ക് കമ്പനി അധികൃതർ എത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

single-img
7 July 2026

തൊഴിലാളി വിരുദ്ധ സമീപനം തുടരുകയാണെന്ന് ആരോപണം നേരിടുന്ന കോറോ ഹെൽത്ത് കമ്പനിക്കെതിരെ ജീവനക്കാരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി മന്ത്രി ബിന്ദു കൃഷ്ണ രംഗത്തെത്തി. വെള്ളിയാഴ്ച കോറോ ഹെൽത്തിന്റെ മുതിർന്ന ഉദ്യോഗസ്ഥർ കൊച്ചിയിലെത്തി സർക്കാരുമായി ചർച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു.

കമ്പനി തൊഴിലാളി വിരുദ്ധ നയങ്ങൾ തുടരുന്ന സാഹചര്യത്തിൽ സർക്കാർ ഇതുവരെ ഫലപ്രദമായ ഇടപെടൽ നടത്തിയിട്ടില്ലെന്നാണ് ജീവനക്കാരുടെ ആരോപണം. വിഷയത്തിൽ സർക്കാരിന്റെ മൗനം പ്രതിഷേധത്തിന് ഇടയാക്കിയതായും ജീവനക്കാർ പറയുന്നു.

കേരളത്തിൽ നാല് വർഷമായി പ്രവർത്തിക്കുന്ന കമ്പനിയുടെ പ്രതിനിധികളെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന സർക്കാർ വിശദീകരണം വിശ്വസിക്കാനാകില്ലെന്ന് ജീവനക്കാരുടെ പ്രതിനിധികൾ പ്രതികരിച്ചു. കമ്പനിയെ ബന്ധപ്പെടാൻ പോലും സർക്കാരിന് സാധിക്കുന്നില്ലെങ്കിൽ തൊഴിലാളികളുടെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കുമെന്ന ചോദ്യവും അവർ ഉയർത്തി.

സർക്കാർ ഇടപെടലിൽ വിശ്വാസമില്ലെന്നും വിഷയത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിശദീകരണങ്ങൾ ആവർത്തിക്കുന്നതല്ലാതെ പുതിയ നടപടികളൊന്നും കാണുന്നില്ലെന്നും ജീവനക്കാർ ആരോപിച്ചു. സ്ഥലം എംഎൽഎയ്ക്കുപോലും കമ്പനി അധികൃതരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് ജീവനക്കാരുടെ പ്രതിനിധി ജസീൽ പറഞ്ഞു.

അതേസമയം, കമ്പനി പ്രതിനിധികളെ ബന്ധപ്പെടാൻ കഴിയില്ലെന്ന വാദം തെറ്റാണെന്നും കമ്പനിയുടെ വൈസ് പ്രസിഡൻറ് കോഴിക്കോട് സ്വദേശിയാണെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടി. കമ്പനിയുടെ രേഖകളും ബന്ധപ്പെടാനുള്ള വിവരങ്ങളും സർക്കാരിന്റെ കൈവശമില്ലാതെ സ്ഥാപനം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന ചോദ്യവും അവർ ഉന്നയിച്ചു.

ജീവനക്കാരുടെ ആശങ്കകൾക്കും പ്രതിഷേധങ്ങൾക്കും ഇടയിൽ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന സർക്കാർ–കമ്പനി ചർച്ചകൾ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.