വാഹനങ്ങളുടെ റീ രജിസ്ട്രേഷൻ; പുതിയ നിർദേശങ്ങളുമായി റോഡ് ഗതാഗത ഹൈവേ മന്ത്രാലയം

single-img
7 July 2026

ഒരു വാഹനത്തിന് മറ്റൊരു സംസ്ഥാനത്ത് പുനഃരജിസ്ട്രേഷൻ ഇല്ലാതെ തുടരാവുന്ന നിലവിലെ കാലയളവ് ഒരു വർഷത്തിൽ നിന്ന് മൂന്ന് വർഷമായി നീട്ടാൻ റോഡ് ഗതാഗത ഹൈവേ മന്ത്രാലയം നിർദേശിച്ചു. സർക്കാരിൻ്റെ “ഈസി ലിവിങ്” സംരംഭത്തിന് കീഴിലുള്ള മോട്ടോർ വാഹന നിയമത്തിലെ കരട് ഭേദഗതികളുടെ ഭാഗമായ ഈ നിർദ്ദേശം കഴിഞ്ഞയാഴ്‌ച മന്ത്രിമാരുടെ അനൗദ്യോഗിക സമിതി (iGoM) ചർച്ച ചെയ്‌തിരുന്നു.

നിലവിലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 47 പ്രകാരം 12 മാസത്തിൽ കൂടുതൽ മറ്റൊരു സംസ്ഥാനത്ത് തുടരുകയാണെങ്കിൽ ഉടമകൾ അവരുടെ വാഹനങ്ങൾ വീണ്ടും രജിസ്റ്റർ ചെയ്യണം. ട്രാന്‍സ്‌ഫർ ആകാന്‍ പറ്റുന്ന ജോലിയുള്ള ജീവനക്കാർ, ദീർഘകാല നിയമനങ്ങളിലുള്ള ഉദ്യോഗസ്ഥർ, രണ്ടോ മൂന്നോ വർഷത്തിന് ശേഷം സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങാൻ സാധ്യതയുള്ള വിദ്യാർത്ഥികൾ, മറ്റുള്ള ആളുകൾക്കും പ്രയോജനം ചെയ്യുന്നതിനാണ് ഈ മാറ്റം ഉദ്ദേശിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

വേറെ സംസ്ഥാനത്ത് ഒരു വാഹനം വീണ്ടും രജിസ്റ്റർ ചെയ്യുകയും എന്നാൽ സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങിയ ശേഷം അത് റദ്ദാക്കുകയും ചെയ്യുന്നത് ആളുകളിൽ ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിലുള്ള ഭാരത് (BH) സീരീസ് രജിസ്ട്രേഷന് ഈ നീക്കം പൂരകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനകം തന്നെ യോഗ്യരായ വാഹന ഉടമകൾക്ക് പുതിയ രജിസ്ട്രേഷൻ ഇല്ലാതെ സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കാൻ സാധിക്കും.