കള്ളാടി ദുരന്തം ദാരുണം; സമഗ്ര അന്വേഷണം വേണമെന്ന് പിണറായി വിജയൻ

മേപ്പാടി–കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന മുഴുവൻ പേരെയും പുറത്തെടുക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാരിന്റെയും ദുരന്തനിവാരണ വകുപ്പിന്റെയും നേതൃത്വത്തിൽ നടക്കുന്ന രക്ഷാപ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ അറിയിക്കുന്നതായും പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. രക്ഷാപ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കുന്നതിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് അടിയന്തര ധനസഹായം നൽകുകയും പരിക്കേറ്റവർക്ക് സർക്കാർ ചെലവിൽ വിദഗ്ധ ചികിത്സയും സാമ്പത്തിക സഹായവും ഉറപ്പാക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ദുരന്തവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ചയോ കുറ്റകരമായ അനാസ്ഥയോ ഉണ്ടായിട്ടുണ്ടോയെന്ന് ഗൗരവമായ അന്വേഷണം നടത്തണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


