രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായിയുടെ രാജി അംഗീകരിച്ച് ട്രസ്റ്റ്

അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയില്‍ നിന്നു കോടികള്‍ തട്ടിയെടുത്ത സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായിയുടെ രാജി അംഗീകരിച്ച് ട്രസ്റ്റ്. ചമ്പത് റായിക്ക് പകരം ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയായി ബജ് രംഗ് ബാഗ്ര ചുമതലേയല്‍ക്കും. ഇന്ന് ചേര്‍ന്ന രാമക്ഷേത്ര ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
വിശ്വഹിന്ദു പരിഷത്തിന്റെ അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറിയാണ് ബജ്‌രംഗ് ബാഗ്ര. ബാഗ്രയെ ട്രസ്റ്റ് സെക്രട്ടറിയാക്കിയ തീരുമാനം ഐകകണ്‌ഠ്യേനെയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പതിറ്റാണ്ടുകളായി വിശ്വ ഹിന്ദു പരിഷത്തിന്റെ സമുന്നത നേതാക്കളിലൊരാളാണ് ബാഗ്ര. ക്ഷേത്ര സമുച്ചയത്തില്‍ എത്തിയെങ്കിലും ഇന്നത്തെ യോഗത്തില്‍ ചമ്പത് റായ് പങ്കെടുത്തിരുന്നില്ല.
ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ബാഗ്ര രാജസ്ഥാനിലെ സിക്കാര്‍ സ്വദേശിയാണ്. പൂര്‍ണ്ണസമയ സംഘടനാ ചുമതലകളിലേക്ക് കടക്കുന്നതിന് മുന്‍പ് പൊതുമേഖല സ്ഥാപനങ്ങളില്‍ സേവനമനുഷ്ടിച്ചിരന്നു. കേന്ദ്ര ഖനന മന്ത്രാലയത്തിന് കീഴിലുള്ള നവരത്‌ന പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ അലുമിനിയം കമ്പനി ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. ഇതിന് മുന്‍പ് നാല്‍കോ (NALCO), റൈറ്റ്സ് ലിമിറ്റഡ് (RITES Ltd.) എന്നീ സ്ഥാപനങ്ങളില്‍ ഡയറക്ടര്‍ (ഫിനാന്‍സ്), ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായും പ്രവര്‍ത്തിച്ചിരുന്നു,
നാല്‍കോയില്‍ നിന്ന് സ്വയം വിരമിച്ച ശേഷമാണ് ബാഗ്ര വിഎച്ച്പിയില്‍ സജീവമാകുന്നത്. വര്‍ഷങ്ങളായി സംഘടനയില്‍ ജോയിന്റ് ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രധാന പദവികള്‍ വഹിച്ചിട്ടുള്ള അദ്ദേഹം, ഏകല്‍ അഭിയാന്റെ പ്രസിഡന്റായും സിഇഒയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംഭവത്തില്‍ രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് ഉള്‍പ്പെടെ 17 പേരെ പ്രതികളാക്കി കേസെടുത്തിരുന്നു. രാമക്ഷേത്രത്തിനായുള്ള പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ചമ്പത് റായ് വിശ്വഹിന്ദു പരിഷത്ത് ഉപാധ്യക്ഷനാണ്. ക്ഷേത്ര ട്രസ്റ്റ് പുനഃസംഘടിപ്പിക്കണമെന്നും അഡ്മിനിസ്‌ട്രേറ്ററായി മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും പ്രത്യേക സംഘം (എസ്‌ഐടി) ശുപാര്‍ശ ചെയ്തിരുന്നു.


