പിണറായി സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പ് വാങ്ങിയ പര്‍ച്ചേഴ്‌സില്‍ അന്വേഷണം

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ആരോഗ്യവകുപ്പില്‍ നടന്ന പര്‍ച്ചേസുകളേക്കുറിച്ച് വിദഗ്ധസമിതി രൂപവത്കരിച്ച് അന്വേഷണം നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍. മുതിര്‍ന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും ഉള്‍പ്പെടുന്ന അന്വേഷണ സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തി രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, ആരോഗ്യ വകുപ്പിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ അന്വേഷണം വ്യാപിപ്പിക്കണം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആരോഗ്യ വകുപ്പ് വാങ്ങിയ എല്ലാ മെഡിക്കല്‍ ഉപകരണങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വാങ്ങല്‍, സ്ഥാപിക്കല്‍, കമ്മീഷനിങ്, ഉപയോഗം, പരിപാലനം, നിലവിലെ അവസ്ഥ എന്നിവ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം. പ്ലാന്‍ ഫണ്ട്, പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷായോജന (പി.എം.എസ്.എസ്.വൈ), മറ്റ് കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ എന്നിവ പ്രകാരം വാങ്ങിയതും കോവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്തതുമായ ഉപകരണങ്ങള്‍ സംബന്ധിച്ചും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വിലകൂടിയ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കോവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ വിതരണംചെയ്ത ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, ഓട്ടോക്ലേവ് മെഷീനുകള്‍, സോളാര്‍ പവര്‍ പ്ലാന്റുകള്‍, ജനറേറ്ററുകള്‍ എന്നിവയും പ്ലാന്‍ ഫണ്ടിന് പുറമേ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന തുടങ്ങിയ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഭാഗമായും വാങ്ങിയ വിലകൂടിയ മെഡിക്കല്‍ ഉപകരണങ്ങളില്‍ പലതും സ്ഥാപിക്കാതെയും കമ്മീഷന്‍ ചെയ്യാതെയും കിടക്കുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ മൊബൈല്‍ മോര്‍ച്ചറി ഉള്‍പ്പെടെയുള്ള ഉയര്‍ന്ന മൂല്യമുള്ള നിരവധി മെഡിക്കല്‍ ഉപകരണങ്ങള്‍ ദീര്‍ഘകാലമായി ഉപയോഗിക്കാതെ കിടക്കുന്നതായി നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്നും സമാനമായ സാഹചര്യങ്ങള്‍ സംസ്ഥാനത്തെ മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലും നിലനില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും മന്ത്രി കെ. മുരളീധരന്‍ പറഞ്ഞു.


