സർവേ തമ്പ്രാക്കളുടെ സർവ്വെ അംഗീകരിക്കുന്നില്ല ; എൽഡിഎഫിന് സ്വന്തം സർവേയുണ്ട്: ബിനോയ് വിശ്വം

single-img
22 April 2024

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സംസ്ഥാനത്തെ സർവേ തമ്പ്രാക്കളുടെ സർവ്വെ അംഗീകരിക്കുന്നില്ലെന്ന് സിപിഐ നേതാവായ ബിനോയ് വിശ്വം എംപി. എൽഡിഎഫിന് സ്വന്തം സർവേയുണ്ടെന്നും ആ സർവേ കേരളത്തിലെ മുഴുവൻ വോട്ടർമാരെയും കണ്ട് തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണിക്ക് ഇത്തവണ 100% വിജയം ഉണ്ടാകും . കാഴ്ചശക്തിയില്ലാത്തവർ മാങ്ങയ്ക്ക് കല്ലെറിയും പോലെയാണ് മാധ്യമ സർവേ. ഒരു മണ്ഡലത്തിൽ 1000 പേരെ കണ്ട് ചോദിക്കുന്ന സർവേയിൽ വിശ്വാസമില്ലെന്നും ഇടതുപക്ഷ വിരോധത്താൽ വിഷം തുപ്പുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും തങ്ങളുടെ ശത്രു ഇടതുപക്ഷമാണെന്നാണ് ഇവിടെവന്നു പറയുന്നത്. ഇടതുപക്ഷത്തിന്റെ മുഖ്യ ശത്രു ആർഎസ്എസാണ്. രാഹുൽഗാന്ധി ഇന്ത്യ മുന്നണിയുടെ അടിസ്ഥാന രാഷ്ട്രീയം മറന്നു പോയിരിക്കുന്നു.

രാഹുലിന് ഇന്ത്യ മുന്നണിയുടെ രാഷ്ട്രീയ അടിത്തറ അറിയില്ല. ഇടതുപക്ഷം രാജ്യത്തെ പാർലമെന്റിൽ പോയാൽ ഇന്ത്യ സഖ്യത്തിനായി കൈപൊക്കും. ഒരുപക്ഷേ തൂക്ക് പാർലമെന്റ് വന്നാൽ ഒറ്റക്ഷിയായി എൻഡിഎ മാറിയാൽ ഇടതുപക്ഷത്തിന് എത്ര ഓഫർ കിട്ടിയാലും പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.