വയനാട് ടൗണ്‍ഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി; ആദ്യഘട്ടത്തിൽ 178 വീടുകളുടെ താക്കോൽ മുഖ്യമന്ത്രി കൈമാറും

ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ നറുക്കെടുപ്പ് പൂർത്തിയായി . ആദ്യഘട്ടത്തിൽ നൽകുന്ന 178 വീടുകൾ ആർക്കൊക്കെ എന്നത് കണ്ടെത്താനാണ് നറുക്കെടുപ്പ് നടത്തിയത്.പട്ടയവും വൈദ്യുതി കണക്ഷനും ഉൾപ്പെടെ ഉപഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്ത് നൽകി. ഈ മാസം 25നാണ് വീടുകളുടെ താക്കോൽദാനം നടക്കുക.
ഉറ്റവരെയും സമ്പാദ്യമായുണ്ടായിരുന്ന സർവവും ഉരുളെടുത്ത 178 പേരാണ് ഇന്ന് സ്വന്തം പേരില്‍ ഭൂമിയും വീടും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. വീടും 7 സെൻ്റ് സ്ഥലവും ആണ് ദുരന്ത്ബാധിതർക്ക് ലഭിക്കുക. ദുരന്തിനുശേഷം സ്വന്തമായി ഒരു വീടെന്ന ആശ്വാസം യഥാര്‍ഥ്യമായതിന്‍റെ സന്തോഷകണ്ണീരായിരുന്നു പലരുടെയും മുഖത്ത്.
ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടുകൾ പൂർണമായി നഷ്ടപ്പെട്ട ആദ്യ ലിസ്റ്റിലുള്ളവരെയാണ് ഈ ഘട്ടത്തിൽ പരിഗണിച്ചത്. മൂന്ന് സോണുകളിലെ പണി പൂർത്തിയായ വീടുകളുടെ നമ്പറുകൾ എഴുതിയ പേപ്പറുകൾ നറുക്കിട്ടാണ് ആർക്കൊക്കെയെന്നത് തീരുമാനിച്ചത്.നറുക്കെടുപ്പിലൂടെ വീട് കിട്ടിയവർക്ക് പട്ടയവും വൈദ്യുതി,കുടിവെള്ള കണക്ഷനും ഉൾപ്പെടെ പിന്നാലെ തന്നെ രജിസ്റ്റർ ചെയ്ത നൽകി. വേദിയിൽ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളിലായിരുന്നു ഇതിനുള്ള സൗകര്യം.
വീട് രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാത്തരം ഫീസുകളും ദുരന്തബാധിതർക്കായി സർക്കാർ ഒഴിവാക്കി നൽകിയിട്ടുണ്ട് . ദുരന്തത്തിൽ കടകളും സംരംഭങ്ങളും നഷ്ടമായവർക്ക് സാമ്പത്തിക സഹായം നൽകാനുള്ള തീരുമാനം വേദിയിൽ മന്ത്രി ഒ ആർ കേളു പ്രഖ്യാപിച്ചു.


