രാജ്യത്ത് കൊവിഡ് ആശങ്ക തുടരുന്നു; ഒരു ദിവസത്തിനിടെ 11692 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

single-img
21 April 2023

രാജ്യത്ത് കൊവിഡ് ആശങ്ക തുടരുന്നു. ഒരു ദിവസത്തിനിടെ 11692 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസത്തെ കണക്കിനേക്കാള്‍ നേരിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം, പോസിറ്റീവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് മുകളില്‍ തന്നെ തുടരുകയാണ്. 5.09 ശതമാനമാണ് രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക്. നിലവില്‍ 66,170 പേര്‍ക്കാണ് രാജ്യത്ത് രോഗബാധയുള്ളത്.

കൊവിഡ് വ്യാപനത്തിന് പിന്നാലെ ദില്ലിയിലെ കോടതികളില്‍ മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ത്രിപുരയില്‍ പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ക്ക് പരിശോധന നിര്‍ബന്ധമാക്കി. അതേസമയം, സംസ്ഥാനങ്ങള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കുന്നത് നിര്‍ത്തിയതായി കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ കൊവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയ്ക്ക് വാക്സിന്‍ വാങ്ങാന്‍ കേന്ദ്രത്തിന്റെ അനുവാദം തേടേണ്ടതില്ല എന്ന് നിര്‍ദ്ദേശം നല്‍കിയതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.