കേരളത്തിനെ വെൽനെസ് ആന്റ് ഫിറ്റ്നസ് ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി

single-img
23 January 2024

നിലവിൽ ഇന്ത്യയിൽ ഏറ്റവും മികച്ച കായിക സംസ്കാരം കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ വെൽനെസ് ആന്റ് ഫിറ്റ്നസ് ഹബ്ബാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. പ്രഥമ അന്തർദേശിയ സ്‌പോർട്സ് സമ്മിറ്റ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ കായിക മേലക്ക് ഊർജം പകരുന്നതാണ് സമ്മിറ്റെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിന് ഒരു കായിക നയം രൂപീകരിക്കാൻ സർക്കാറിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു സമ്മിറ്റ് സംഘടിപ്പിക്കുന്നത്. സ്‌പോർട്‌സ് ഇക്കോണമി എന്നത് ഭാവന സമ്പന്നമായ കാഴ്‌ചപ്പാടാണ് ഇതിന് പിന്നിൽ.

കായിക സമ്പദ് വ്യവസ്ഥ വലിയതോതിൽ മെച്ചപ്പെടുത്താൻ കഴിയുന്നതാണ്. എല്ലാവരും ഒരേ മനസോടെ മുന്നോട്ട് വന്നാൽ നമ്മൾ മുന്നോട്ട് വച്ച ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫുട്ബോൾ ലോകകപ്പ് സമയത്ത് കേരളത്തിൻറെ ആരാധക പിന്തുണയ്ക്ക് അർജൻറീനയും ഖത്തറും നന്ദി പറഞ്ഞത് ഓർക്കേണ്ടതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നഗര ഗ്രാമ വ്യത്യാസമില്ലാതെ മലയാളികൾ കായികനങ്ങളെ പ്രോത്സാഹിപ്പിക്കുകയും കളിക്കുകയും ചെയ്യുന്നുണ്ട്.

ഇന്ത്യയിൽ മികച്ച കായിക സംസ്ക്കാരം നിലനിർത്തുന്നത് കേരളത്തിലാണ്. എന്നാൽ ചില പോരായ്മകളും നിലനിൽക്കുന്നുണ്ട്. ഒരു കാലത്ത് മുൻനിരയിൽ ഉണ്ടായിരുന്ന പല കായിക ഇനങ്ങളിലും നാം ഇപ്പോൾ പിന്നിൽ പോയി. ഇത് തിരിച്ചറിഞ്ഞു കൊണ്ടുള്ള പരിഷ്‌കരണ നടപടികളാണ് സർക്കാർ നടപ്പിലാക്കുന്നത്. നിലവാരമുള്ള കളിക്കളങ്ങൾ ഉണ്ടാക്കുന്നതിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.