കേരളം പുതിയൊരു ഭരണ സംസ്‌കാരത്തിലേക്ക് മെല്ലെ മാറുകയാണ്: മുഖ്യമന്ത്രി

single-img
26 September 2023

ഭരണ നിർവഹണം കൂടുതൽ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനാവശ്യ കാലതാമസം ഇല്ലാതാക്കി, എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കപ്പെടണം. ജോലിയുടെ ഭാഗമായി കിട്ടുന്ന സംതൃപ്തി ഏറ്റവും വലിയ പ്രതിഫലമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ നടന്ന മേഖലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം ഇപ്പോൾ പുതിയൊരു ഭരണ സംസ്‌കാരത്തിലേക്കു മെല്ലെ മാറുകയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളെ ഏറെ പുകഴ്ത്തിയാണ് അവിടങ്ങളിലുള്ളവർ പറയുന്നത്. എന്നാൽ നാട്ടിൽ ജോലി ചെയ്യുന്നവരെക്കുറിച്ച് ഇങ്ങനെ പറയുന്നില്ല. പ്രത്യേകിച്ചു സർക്കാർ സർവീസിലാകുമ്പോൾ. ഈ രീതിക്കു മാറ്റം കൊണ്ടുവരാൻ ജീവനക്കാർ ശ്രദ്ധിക്കണം. നാടിന് ഏറ്റവും ആശ്രയിക്കാവുന്ന കേന്ദ്രങ്ങളാണു സർക്കാർ ഓഫിസുകൾ. അവിടേയ്‌ക്കെത്തുന്നവർ ദയയ്ക്കു വേണ്ടി വരുന്നവരാണെന്നു ചിന്തിക്കരുത്.

ഔദാര്യത്തിനല്ല, അവകാശത്തിനായാണു സർക്കാർ ഓഫിസുകളിലേക്ക് ആളുകൾ വരുന്നത്. ഇതു മുന്നിൽക്കണ്ട്, സമയബന്ധിതമായി നടപടികൾ സ്വീകരിക്കണം. ഇതിനുള്ള സന്നദ്ധത ജീവനക്കാരിൽ ഉണ്ടാക്കുകയെന്നതാണു മേഖലാ യോഗങ്ങളുടെ മുഖ്യ ഉദ്ദേശ്യം. മേഖലാ യോഗങ്ങൾ പുതിയൊരു തുടക്കമാണ്.

പദ്ധതി നടത്തിപ്പിലെ കാലതാമസം ഒഴിവാക്കപ്പെടുന്നതിന് ഓരോ വകുപ്പുമായി ബന്ധപ്പെടുന്ന വിഷയങ്ങൾ ഉദ്യോഗസ്ഥർ ഹൃദിസ്ഥമാക്കണം. വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൃത്യമായി അവതരിപ്പിക്കാൻ കഴിയുന്ന നിലയിലേക്ക് ഉദ്യോഗസ്ഥർ ഉയരണമെന്നും അദ്ദേഹം പറഞ്ഞു.