ഏഴ് ബില്ലുകള്‍ തടഞ്ഞു വെച്ചു ; ഗവര്‍ണ്ണറുടെ നടപടി ചോദ്യം ചെയ്ത് കേരളം സുപ്രീം കോടതിയിൽ


സംസ്ഥാന ഗവര്‍ണ്ണര്‍ക്കെതിരെ കേരളം വീണ്ടും സുപ്രീം കോടതിയില്‍. ഏഴ് ബില്ലുകള്‍ തടഞ്ഞു വെച്ച ഗവര്‍ണ്ണറുടെ നടപടി ചോദ്യം ചെയ്താണ് സംസ്ഥാനത്തിന്റെ പുതിയ ഹര്‍ജി. രണ്ടേ മുക്കാല്‍ വര്‍ഷത്തിലധികമായി ബില്ലുകള്‍ തടഞ്ഞുവെച്ചുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ഗവര്‍ണ്ണര്‍ക്ക് അയച്ച എട്ട് ബില്ലുകളില്‍ ഏഴും തടഞ്ഞുവെന്നും അംഗീകാരം നല്‍കിയത് ഒന്നിന് മാത്രമാണെന്നുമാണ് സംസ്ഥാന സർക്കാർ ആരോപിക്കുന്നത്. ബില്ലുകളിൽ ഒപ്പിടാതെ രാഷ്ട്രപതിക്കയച്ച നടപടി ഭരണഘടനാ വിരുദ്ധമെന്നും കേരളം ഹർജിയിൽ പറയുന്നു.
രാജ്യത്തിന്റെ ഫെഡറല്‍ഘടനയെ തകര്‍ക്കുന്നതാണ് ഗവര്‍ണ്ണറുടെ നടപടിയെന്നും കാരണങ്ങളില്ലാതെയാണ് ഗവര്‍ണ്ണര്‍ ബില്ലുകള്‍ അനിശ്ചിതകാലമായി തടഞ്ഞുവെച്ചത് എന്നും ഹർജിയിൽ പറയുന്നു. നടപടിക്ക് ആധാരമായി ഗവർണ്ണർ പറയുന്ന രേഖകള്‍ സുപ്രീം കോടതി പരിശോധിക്കണമെന്നും ഹർജിയിലുണ്ട്. ഗവര്‍ണ്ണര്‍ക്കെതിരായ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കും.