‘ഇന്ത്യൻ രാഷ്ട്രീയത്തിലെത്തിയ ദുരൂഹമായ വിദേശ വനിത’; സോണിയാ ഗാന്ധിക്കെതിരെ കങ്കണയുടെ കടന്നാക്രമണം വിവാദമാകുന്നു

single-img
11 November 2026

സോണിയാ ഗാന്ധിയുടെ ഓർമക്കുറിപ്പായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ ചർച്ചയാകുന്നതിനിടെ രൂക്ഷ വിമർശനവുമായി ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് ദുരൂഹമായി കടന്നെത്തിയ വിദേശ വനിതയെന്നാണ് സോണിയാ ഗാന്ധിയെ കങ്കണ വിശേഷിപ്പിച്ചത്. സമൂഹമാധ്യമത്തിലൂടെയായിരുന്നു അവരുടെ പ്രതികരണം.

സോണിയാ ഗാന്ധിയുടെ പുസ്തകം പുറത്തിറങ്ങിയതിന് പിന്നാലെ ശ്രദ്ധ നേടിയ പഴയൊരു വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു കങ്കണയുടെ പരാമർശം. ഇന്ദിരാ ഗാന്ധി, സോണിയാ ഗാന്ധി, മനേകാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ ഒരുമിച്ചിരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

കുടുംബാംഗങ്ങൾ ഭക്ഷണത്തിനായി ഒത്തുകൂടിയിരിക്കുന്നതിനിടെ അമേഠിയിൽ രാജീവ് ഗാന്ധി വൻ ഭൂരിപക്ഷത്തിൽ മുന്നേറുകയാണെന്ന വിവരം അറിയിച്ചുകൊണ്ട് സോണിയയ്ക്ക് ഫോൺ കോൾ എത്തുന്നതാണ് ദൃശ്യത്തിലുള്ളത്. വാർത്ത അറിഞ്ഞതോടെ എല്ലാവരും അതിലേക്ക് ശ്രദ്ധ തിരിക്കുമ്പോൾ മനേകാ ഗാന്ധി ഒറ്റപ്പെട്ടുനിൽക്കുന്നതാണ് താൻ ശ്രദ്ധിച്ചതെന്ന് കങ്കണ കുറിച്ചു.

വീഡിയോയുടെ അവസാനം വരെ ആശ്വാസം തേടുന്ന കുട്ടിയെപ്പോലെ മനേക ഇന്ദിരാ ഗാന്ധിയെ നോക്കിനിൽക്കുകയായിരുന്നുവെന്നും ഒരു പുഞ്ചിരിയോ നോട്ടമോ അവർ പ്രതീക്ഷിച്ചിരിക്കാമെന്നും കങ്കണ പറഞ്ഞു. എന്നാൽ ആരും മനേകയെ പരിഗണിച്ചില്ലെന്നും ആ കാഴ്ച ഹൃദയഭേദകമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

വിദേശത്തെ ഒരു കഫേയിൽവെച്ച് രാജീവ് ഗാന്ധിയെ പരിചയപ്പെടുകയും പിന്നീട് അദ്ദേഹവുമായി ബന്ധം സ്ഥാപിക്കുകയും ചെയ്ത വിദേശ വനിതയെ ശ്രദ്ധിക്കാനായിരുന്നു എല്ലാവർക്കും താൽപര്യമെന്നായിരുന്നു സോണിയാ ഗാന്ധിയെ പരോക്ഷമായി ലക്ഷ്യമിട്ടുള്ള കങ്കണയുടെ മറ്റൊരു പരാമർശം. സോണിയയുടെ പുസ്തകത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ ചർച്ചകൾക്കിടെയാണ് കങ്കണയുടെ പ്രതികരണവും വിവാദമായിരിക്കുന്നത്.