ഹിന്ദുക്കളെ സംരക്ഷിക്കേണ്ടത് ബിജെപിയുടെ ഉത്തരവാദിത്വമാണ്: ബിജെപി എംഎൽഎ പാട്ടീൽ യത്നാൽ

single-img
19 May 2023

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ വിദ്വേഷ പരാമർശവുമായി കർണാടകയിലെ ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാൽ. കർണാടകയെ താലിബാൻ സർക്കാർ ഏറ്റെടുക്കുമെന്ന് ഹിന്ദുക്കൾ ഭയപ്പെടുന്നുവെന്നാണ് യത്നാലിന്റെ പരാമർശം.

പൊലീസ് മർദനത്തെ തുടർന്ന് ആശുപത്രിയിലായ ബിജെപി പ്രവർത്തകരെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു യത്നാൽ. മുൻപ് കോൺഗ്രസ് ഭരണകാലത്ത് ഹിന്ദു പ്രവർത്തകരെ കൂട്ടക്കൊല ചെയ്തിരുന്നു. ഇപ്പോൾ അതേ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുന്നത് ഹിന്ദു പ്രവർത്തകരിൽ ഭയം സൃഷ്ടിക്കുന്നു- യത്നാൽ അഭിപ്രായപ്പെട്ടു. ഡിഎസ്പി ഓഫീസിൽ ഹിന്ദു, ബിജെപി പ്രവർത്തകർ മർദനത്തിനിരയായി. അവർ താലിബാനികളോ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയവരോ അല്ല. ഇത് പൊലീസിനോടുള്ള ബഹുമാനം കുറയ്ക്കുമെന്നും യത്‌നാൽ പറഞ്ഞു.

‘ഞങ്ങളുടെ ഭാഗത്ത് നിന്ന് ഒരു തെറ്റും ഉണ്ടായിട്ടില്ല. ഹിന്ദുക്കൾ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നില്ല. ഞങ്ങൾ ഒരു മതത്തിനും എതിരല്ല. ഞങ്ങളുടെ പോരാട്ടം ഹിന്ദുത്വത്തിനു വേണ്ടിയാണ്’- ബിജെപി എംഎൽഎ പറഞ്ഞു. ‘കോൺഗ്രസ് പാർട്ടി അധികാരത്തിൽ വന്നെന്ന് കരുതി ഹിന്ദു പ്രവർത്തകർക്ക് നേരെ പൊലീസ് അതിക്രമം അഴിച്ചുവിടാൻ ശ്രമിച്ചാൽ അത് വെച്ചുപൊറുപ്പിക്കില്ല. ബിജെപിയും ഹിന്ദുക്കളും വ്യത്യസ്തരല്ല. ഹിന്ദുക്കളെ സംരക്ഷിക്കേണ്ടത് ബിജെപിയുടെ ഉത്തരവാദിത്തമാണ്’- യത്നാൽ അഭിപ്രായപ്പെട്ടു.

‘പ്രവർത്തകർ ആക്രമിക്കപ്പെട്ട പരാതിയിൽ അന്വേഷണം നടത്തണം. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർക്കൊപ്പം ഡിഎസ്പിക്കെതിരെയും നടപടിയെടുക്കണം. ഞാൻ ബിജെപി സംസ്ഥാന അധ്യക്ഷനുമായി സംസാരിച്ചു. ചുമതലയുള്ള മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഡിജിപിയുമായി സംസാരിച്ചു. ഇത് വേദനാജനകവും ലജ്ജാകരവുമായ കാര്യമാണ്- യത്നാൽ പറഞ്ഞു.

‘ഭാവി ദിനങ്ങൾ പ്രയാസകരമായിരിക്കും. നമ്മുടെ പാർട്ടി പ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായേക്കാം. ആത്മപരിശോധന നടത്തുകയും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമ ചോദിക്കുകയും വേണം. ഈ സർക്കാർ ഹിന്ദു വിരുദ്ധമായി മാറിയാൽ ഞങ്ങൾ സമ്മതിക്കില്ല’- യത്നാൽ കൂട്ടിച്ചേർത്തു.