അന്താരാഷ്‌ട്ര ചലച്ചിത്രമേള; സമാപനച്ചടങ്ങില്‍ രഞ്ജിത്തിന്റെ പ്രസംഗത്തിനിടെ കൂവൽ

single-img
15 December 2023

തിരുവനന്തപുരം അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങില്‍ അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ പ്രസംഗത്തിനിടെ പ്രതിഷേധം. പ്രസംഗത്തിന്റെ ആദ്യത്തിലും അവസാനത്തിലും സദസിൽ നിന്നും കൂവല്‍ ഉയര്‍ന്നു. രഞ്ജിത്തിനെ പ്രസംഗത്തിന് ക്ഷണിച്ചപ്പോഴാണ് കാണികളുടെ ഇടയിൽ നിന്ന് വലിയ രീതിയിലുള്ള കുവൽ ഉണ്ടായത്. കഴിഞ്ഞ വർഷവും സമാപന വേദിയിൽ രഞ്ജിത്തിന് കൂവൽ ഉണ്ടായിരുന്നു.

എന്നാൽ ഇത്തവണ ചലചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളാണ് കാരണമെന്നാണ് വിലയിരുത്തുന്നത്. മേളയുടെ സമാപന സമ്മേളനത്തിൽ വിശിഷ്ടാതിഥികളെല്ലാം നിറഞ്ഞ കൈയടി ഏറ്റുവാങ്ങിയപ്പോഴാണ് രഞ്ജിത്തിന് കൂവൽ. എന്നാൽ കൂവലിനെ ശ്രദ്ധിക്കാതെ രഞ്ജിത്ത് തന്റെ പ്രസംഗം തുടങ്ങി. ചലച്ചിത്ര അക്കാദമിയിലെ ഓരോ അംഗങ്ങളെയും പേരെടുത്ത് പരാമർശിച്ചുകൊണ്ട് മേളയുടെ വിജയം അതിന്റെ അണിയറപ്രവർത്തകരുടെ വിജയമാണെന്ന് രഞ്ജിത്ത് പറഞ്ഞു.

അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറും ജനറൽ സെക്രട്ടറിയെ വേദിയിലേക്ക് ക്ഷണിച്ച് നന്ദി പറഞ്ഞു. അതിനിടെ കേരള ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങളെ പാടേ അവഗണിച്ചായിരുന്നു രഞ്ജിത്തിന്റെ പ്രസംഗം.