ഇസ്രയേലുമായി 1,976.40 കോടി രൂപയുടെ പ്രതിരോധ കരാർ ഒപ്പിട്ട് ഇന്ത്യ

single-img
18 November 2026

ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളിലെ ബരാക് പോയിന്റ് ഡിഫൻസ് മിസൈൽ സംവിധാനം നവീകരിക്കുന്നതിനായി ഇസ്രയേലുമായി 1,976.40 കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ച് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം. സംവിധാനത്തിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനൊപ്പം കാലപ്പഴക്കം മൂലം ഉപയോഗശൂന്യമാകുന്ന ഘടകങ്ങൾ കൈകാര്യം ചെയ്യുന്നതും കരാറിന്റെ ഭാഗമാണ്.

ഇസ്രയേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസുമായാണ് പ്രതിരോധ മന്ത്രാലയം കരാറിലേർപ്പെട്ടത്. ന്യൂഡൽഹിയിൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പുവെച്ചത്. 1,976.40 കോടി രൂപ ചെലവ് വരുന്ന കരാർ ‘അദർ ക്യാപിറ്റൽ പ്രൊക്യുർമെന്റ് പ്രൊസീജ്യർ’ പ്രകാരമാണ് നടപ്പാക്കുന്നത്.

ബരാക് പോയിന്റ് ഡിഫൻസ് മിസൈൽ സംവിധാനത്തിന്റെ നവീകരണത്തിലൂടെ ഇന്ത്യൻ നാവികസേനാ കപ്പലുകളുടെ പ്രതിരോധ ശേഷി വർധിക്കുമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. കൂടുതൽ ദൂരപരിധിയിൽ പ്രവർത്തിക്കാൻ കഴിയുന്ന ശക്തമായ വ്യോമ പ്രതിരോധ സംവിധാനം ഇതിലൂടെ ലഭ്യമാകും.

കരാറിന്റെ ഭാഗമായി മിസൈൽ സംവിധാനത്തിലെ ഹാർഡ്‌വെയറിലും സോഫ്റ്റ്‌വെയറിലും സമഗ്രമായ നവീകരണം നടപ്പാക്കും. ഇതോടെ നാവികസേനാ കപ്പലുകളുടെ വ്യോമ ഭീഷണികളെ നേരിടാനുള്ള ശേഷി കൂടുതൽ മെച്ചപ്പെടുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.