നയതന്ത്ര ചർച്ചയ്ക്ക് ഇരു കൂട്ടരും തയ്യാറാകണം; റഷ്യയുടെ ഉക്രൈൻ ആക്രമണത്തിൽ ഇന്ത്യ

single-img
10 October 2022

ഉക്രൈനിൽ ഇന്നുമുതൽ റഷ്യ ശക്തമാക്കിയ മിസൈൽ ആക്രമണങ്ങളിൽ ആദ്യമായി പ്രതികരണവുമായി ഇന്ത്യ. റഷ്യ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി.

എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും പ്രാദേശിക സമഗ്രതയും മാനിക്കണമെന്നും ശത്രുത വളർത്തുന്നത് ആരുടേയും താല്പര്യമല്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഇരു രാജ്യങ്ങളും എത്രയും വേഗം സംഘർഷം അവസാനിപ്പിച്ച് നയതന്ത്ര ചർച്ചയ്ക്ക്ത യ്യാറാകണമെന്നും എല്ലാ സമാധാന ശ്രമങ്ങളെയും പിന്തുണയ്ക്കാൻ ഇന്ത്യ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം, ഭൂമുഖത്ത് നിന്ന് ഉക്രൈനെ തുടച്ചുനീക്കാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്ന് വോളോഡിമർ സെലൻസ്കി പ്രതികരിച്ചു. “റഷ്യ ഞങ്ങളെ നശിപ്പിക്കാനും ഭൂമിയിൽ നിന്ന് തുടച്ചുനീക്കാനും ശ്രമിക്കുന്നു. ഞങ്ങളുടെ നഗരത്തിലെ വീടുകളിൽ ഉറങ്ങുന്ന പൗരന്മാരെ മിസൈൽ വർഷിച്ച് കൊലപ്പെടുത്തുന്നു.

ഇന്ന് തന്നെ ഡിനിപ്രോയിലും കീവിലും ജോലിക്ക് പോകുന്നവരെയും കൊല്ലുന്നു. രാജ്യമാകെ വ്യോമാക്രമണ സൈറണുകൾ മുഴങ്ങുന്നു, എവിടെയും മിസൈലുകൾ പതിക്കുന്നു. നിർഭാഗ്യവശാൽ ആളുകൾ കൂട്ടത്തോടെ മരിക്കുന്നു, ചിലർക്ക് പരുക്കേൽക്കുന്നു.” – ഒരു ടെലിഗ്രാം സന്ദേശത്തിൽ സെലെൻസ്‌കി പറഞ്ഞു.