ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിന്റെ സമരം അവസാനിച്ചു; രാജ്ഘട്ടിൽ പുഷ്പാർച്ചന

single-img
8 October 2026

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധ സമരം ഇന്നത്തോടെ അവസാനിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി എംപിമാർ രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തി മടങ്ങി.

മൂന്ന് ബസുകളിലായാണ് എംപിമാർ രാജ്ഘട്ടിലേക്ക് എത്തിയത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തങ്ങളുടെ ഔദ്യോഗിക വാഹനങ്ങളിലാണ് മടങ്ങിയത്. ഇന്നത്തെ പ്രതിഷേധം സമാധാനപരമായിരുന്നുവെന്നാണ് റിപ്പോർട്ട്. പ്രതിഷേധക്കാർക്കെതിരെ പൊലീസ് ബലപ്രയോഗം നടത്തിയില്ല.

രാജ്ഘട്ടിലേക്കുള്ള റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം തടയുകയോ പ്രതിഷേധം നിയന്ത്രിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്തുകയോ പൊലീസ് ചെയ്തില്ല. എംപിമാർ സഞ്ചരിച്ച ബസുകൾ രാജ്ഘട്ടിലേക്ക് കടത്തിവിടുകയും ചെയ്തു.

ഇന്ത്യൻ ജനാധിപത്യത്തെ ഗ്യാനേഷ് കുമാർ തകർത്തുവെന്നും അത് തിരിച്ചുപിടിക്കാനായി പ്രാർത്ഥിക്കാനാണ് രാജ്ഘട്ടിലെത്തിയതെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. സമരം ഇവിടെ അവസാനിക്കുന്നില്ലെന്നും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി