മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ പേടിയാണെങ്കിൽ വീട്ടിലിരിക്കണം: വിഡി സതീശൻ

single-img
14 February 2023

ജനങ്ങളെ അഭിമുഖീകരിക്കുന്നതിന് മുഖ്യമന്ത്രിക്ക് പേടിയാണെങ്കിൽ പിണറായി വിജയൻ വീട്ടിൽ ഇരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി. സതീശൻ. മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം സംഘടിപ്പിക്കുന്ന ഏതെങ്കിലും സ്ത്രീക്കെതിരെ പുരുഷ പൊലീസുകാർ കൈവച്ചാൽ യുഡിഎഫിന്റെ സമരരീതി മാറുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

തലസ്ഥാനത്തെ സെക്രട്ടേറിയറ്റിന് മുന്നിൽ യു.ഡി.എഫ് നടത്തിയ രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. സംസ്ഥാന സർക്കാരിന് വേണ്ടി ധനമന്ത്രി അവതരിപ്പിച്ച ബജറ്റിനെതിരെ ഇത്രയധികം ജനരോഷം ഉയർന്നു വന്നൊരു കാലം സംസ്ഥാന ചരിത്രത്തിലുണ്ടായിട്ടില്ല. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം എന്തെന്നു മനസലാക്കാതെ ജനങ്ങളുടെ തലയിൽ ഇരുമ്പ് കൂടം കൊണ്ട് അടിക്കുന്നതിന് തുല്യമാണ് ബജറ്റിലെ നികുതി നിർദ്ദേശങ്ങൾ.

നികുതി പരിച്ചെടുക്കുന്നതിലുണ്ടായ പരാജയം മറച്ചു വയ്ക്കാനാണ് കേന്ദ്ര സഹായം കുറഞ്ഞെന്നും പെൻഷൻ നൽകണമെന്നുമുള്ള ന്യായീകരങ്ങൾ സർക്കാർ പറയുന്നത്. കേരളത്തിൽ മാറി മാറി വന്ന സർക്കാരുകളെല്ലാം സമൂഹിക സുരക്ഷാ പെൻഷനുകൾ നൽകുകയും വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാതെ ആദ്യമായി പെൻഷൻ നൽകുന്ന സർക്കാരല്ല പിണറായി വിജയന്റേത്.

സ്വർണത്തിൽ നിന്നും പതിനായിരം കോടിയെങ്കിലും നികുതി കിട്ടേണ്ട സ്ഥാനത്താണ് 340 കോടി മാത്രം പിരിച്ചെടുത്തത്. ബാറിന്റെ എണ്ണം കൂടിയിട്ടും ടേൺ ഓവർ ടാക്സ് പരിച്ചെടുത്തില്ല. നികുതി പിരിച്ചെടുക്കുന്നതിൽ ജി.എസ്.ടി വകുപ്പ് പൂർണമായും പരാജയപ്പെട്ടു. നടപടി ക്രമങ്ങൾ പാലിക്കാത്തതു കൊണ്ടും കണക്ക് സമർപ്പിക്കാത്തതും കൊണ്ട് ഐ.ജി.എസ്.ടി പൂളിൽ നിന്നും 5 വർഷം കൊണ്ട് 25000 കോടി രൂപയാണ് സംസ്ഥാനത്തിന് നഷ്ടമായത്. ഈ നഷ്ടം നികത്താനാണ് 4000 കോടിയുടെ അധിക നികുതി ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.