കേരളത്തിലേക്ക് ബിജെപി കടന്നുവന്നാല്‍ അത് മണിപ്പൂരിലേതുപോലെ വലിയ ദുരന്തത്തിന് വഴിയൊരുക്കും: കെ സുധാകരൻ

single-img
6 May 2023

ആഭ്യന്തര സംഘർഷം രൂക്ഷമായ മണിപ്പൂരില്‍ നിന്ന് കേരളത്തിന് വലിയ പാഠം പഠിക്കാനുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ബിജെപി അവിടെ പിടിമുറുക്കിയതോടെ മണിപ്പൂര്‍ അശാന്തിയിലേക്ക് നിലംപതിച്ചു. അവരോടു ആഭിമുഖ്യമുള്ള മെയ്‌തെയ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മണിപ്പൂരില്‍ കലാപം നടക്കുന്നത്.

മണിപ്പൂരില്‍ നടക്കുന്ന കലാപങ്ങളിലും ഗോത്രവര്‍ഗക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരേ നടക്കുന്ന അക്രമങ്ങളിലും പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തുമെന്നും സുധാകരന്‍ അറിയിച്ചു.സംസ്ഥാനത്തെ ബിജെപി ഭരണകൂടത്തിന്റെയും പൊലീസിന്റെയും പിന്തുണയോടെയാണ് മണിപ്പൂരില്‍ അക്രമങ്ങള്‍ അരങ്ങേറുന്നത്.

ഇതുവരെ 54 പേര്‍ കൊല്ലപ്പെടുകയും പതിനായിരത്തോളം പേരെ മാറ്റിത്താമസിപ്പിക്കുകയും ചെയ്തു. അമ്പതോളം ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. വളരെ സമാധാനപരമായി ജീവിച്ച മണിപ്പൂര്‍ ജനസമൂഹമാണ് ബിജെപി പിടിമുറുക്കിയതോടെ അശാന്തിയിലേക്ക് നിലം പതിച്ചത്. മണിപ്പൂരിലെ അശാന്തി സമീപ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും ബാധിക്കുമെന്ന് ആശങ്കയുണ്ടെന്ന് സുധാകരന്‍ പറഞ്ഞു.

അടുത്ത 25 വര്‍ഷം കൊണ്ട് മണിപ്പൂര്‍ വലിയ വികസനം നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം ജലരേഖയായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതില്‍ നിന്ന് കേരളത്തിന് വലിയൊരു പാഠം പഠിക്കാനുണ്ട്. വിവിധ സമുദായങ്ങള്‍ സാഹോദര്യത്തോടെ കഴിയുന്ന കേരളത്തിലേക്ക് ബിജെപി കടന്നുവന്നാല്‍ അത് മണിപ്പൂരിലേതുപോലെ വലിയ ദുരന്തത്തിന് വഴിയൊരുക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു..