AMMAയിൽ നിന്ന് രാജിവെച്ച നടിമാരെ തിരികെ സ്വീകരിക്കുന്നതിൽ സന്തോഷം: മോഹൻലാൽ


മലയാള സിനിമ നടീനടന്മാരുടെ സംഘടനയായ AMMAയിൽ നിന്ന് രാജിവെച്ച നടിമാരെ തിരികെ സ്വീകരിക്കുന്നതിൽ സന്തോഷമെന്ന് പ്രസിഡന്റ് മോഹൻലാൽ. തിരികെ വരാൻ ആഗ്രഹിക്കുന്നവർ അപേക്ഷ മാത്രം നൽകിയാൽ മതി എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. AMMAയിൽ നിന്ന് രാജിവെച്ച നടിമാരോട് ആർക്കും വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
ദിലീപ് ഒരു നടിയെ ബലാത്സംഗം ചെയ്യാൻ കൊട്ടേഷൻ നൽകിയ കേസോടെയാണ് അമ്മയിൽ നിന്നും നടിമാരുടെ കൊഴിഞ്ഞു പോക്ക് തുടങ്ങിയത്. ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, പാർവതി തുടങ്ങി ഒട്ടേറെ നടിമാർ AMMA യിൽ നിന്നും രാജിവെച്ചു പുറത്തു പോയിരുന്നു. ഇവർ അതിനു ശേഷം വിമന്‍ ഇന്‍ സിനിമ കലക്ടീവ് എന്ന പേരിൽ പുതിയ കൂട്ടായ്മയും രൂപീകരിച്ചിരുന്നു. പല തവണ വിമന്‍ ഇന്‍ സിനിമ കലക്ടീവുമായി AMMA ഭാരവാഹികൾ ചർച്ച നടത്തിയെങ്കിലും വിമന്‍ ഇന്‍ സിനിമ കലക്ടീവ് മുന്നോട്ടു വെച്ച നിർദ്ദേശങ്ങൾ നടപ്പാക്കാം എന്ന വാഗ്ദാനത്തിനപ്പുറം ഒന്നും സംഭവിച്ചിട്ടില്ല.
ഇത് കൂടാതെ ബലാത്സംഗ കേസിൽ ഉൾപ്പെട്ട വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചും വനിതാ അംഗങ്ങൾ AMMA യുടെ ആഭ്യന്തര പരാതി സമിതിയിൽ നിന്നും രാജി വെച്ചിരുന്നു. നടിമാരായ മാല പാർവതിയും, ശ്വേതാ മേനോനും കുക്കു പരമേശ്വരനും ആണ് ഇത്തരത്തിൽ രാജി വെച്ചത്.