ബംഗാൾ എസ്‌ഐആർ ട്രൈബ്യൂണലിൽ വീണ്ടും രാജി; സ്ഥാനമൊഴിഞ്ഞത് നാലാമത്തെ ജഡ്ജി

പശ്ചിമ ബംഗാളിലെ വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികൾ പരിശോധിക്കാൻ രൂപീകരിച്ച അപ്പലേറ്റ് ട്രൈബ്യൂണലിൽനിന്ന് ഒരു ജഡ്ജി കൂടി രാജിവെച്ചു. കൊൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി ബിശ്വജിത് ബസുവാണ് പദവി ഒഴിഞ്ഞത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് വ്യക്തമാക്കി അദ്ദേഹം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആർ.വി. ഘുഗെയ്ക്ക് കത്ത് നൽകി.
എസ്‌ഐആർ നടപടികൾ പരിശോധിക്കാൻ രൂപീകരിച്ച ട്രൈബ്യൂണലുകളുടെ അധ്യക്ഷരായി നിയമിക്കപ്പെട്ട 19 റിട്ടയേർഡ് ജഡ്ജിമാരിൽ രാജിവെക്കുന്ന നാലാമത്തെയാളാണ് ബിശ്വജിത് ബസു. കൊൽക്കത്ത ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം, മുൻ ജഡ്ജിമാരായ രഞ്ജിത് കുമാർ ബാഗ്, ഇന്ദ്രജിത് ചാറ്റർജി എന്നിവർ നേരത്തേ രാജിവെച്ചിരുന്നു.
സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് മാർച്ചിലാണ് പശ്ചിമ ബംഗാളിൽ 19 അപ്പലേറ്റ് ട്രൈബ്യൂണലുകൾ രൂപീകരിച്ചത്. എസ്‌ഐആർ നടപടികളുടെ ഭാഗമായി വോട്ടർപട്ടികയിൽനിന്ന് പേരുകൾ ഒഴിവാക്കപ്പെട്ടവർ സമർപ്പിച്ച അപ്പീലുകൾ പരിഗണിക്കുകയാണ് ഇവയുടെ ചുമതല. പേരുകൾ ഒഴിവാക്കിയതും ഉൾപ്പെടുത്തിയതും സംബന്ധിച്ച ഏകദേശം 38 ലക്ഷം അപ്പീലുകളിലാണ് ട്രൈബ്യൂണലുകൾ തീർപ്പുകൽപ്പിക്കേണ്ടത്.
മുർഷിദാബാദ് ജില്ലയിൽനിന്നുള്ള കേസുകൾ പരിഗണിക്കാൻ നിയോഗിക്കപ്പെട്ട ജഡ്ജിമാരാണ് ബിശ്വജിത് ബസുവും ഇന്ദ്രജിത് ചാറ്റർജിയും. മുസ്ലിം ഭൂരിപക്ഷ ജില്ലയായ മുർഷിദാബാദിലാണ് ‘ലോജിക്കൽ ഡിസ്ക്രിപൻസി’ എന്ന കാരണത്താൽ ഏറ്റവും കൂടുതൽ വോട്ടർമാരുടെ പേരുകൾ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടത്.


