മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ സിപിഎമ്മല്ല; പ്രത്യേക താൽപര്യക്കാരെന്ന് ബി. ഗോപാലകൃഷ്ണൻ

നടൻ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ സിപിഎമ്മല്ലെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. മമ്മൂട്ടിയെ സമൂഹമാധ്യമങ്ങളിൽ ആക്രമിക്കുന്നത് സൈബർ സഖാക്കളല്ലെന്നും പ്രത്യേക താൽപര്യക്കാരാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ മകളുടെ വിവാഹത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തതിനെ രാഷ്ട്രീയമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി വിജയൻ വിവാഹത്തിൽ പങ്കെടുത്തത് അദ്ദേഹം സിപിഎം വിടുന്നതിന്റെ ഭാഗമായിട്ടാണോ എന്നായിരുന്നു ഗോപാലകൃഷ്ണന്റെ ചോദ്യം. കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കളും വിവാഹത്തിൽ പങ്കെടുത്തിരുന്നു. രാഷ്ട്രീയത്തിനപ്പുറം മനുഷ്യബന്ധങ്ങൾക്കാണ് പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ അടിമുടി ബിജെപിക്കാരനാണെങ്കിലും എല്ലാവരുമായും നല്ല ബന്ധം പുലർത്തുന്നയാളാണ്. കേരളവർമ കോളേജിൽ എസ്എഫ്ഐയുടെ വോട്ടുകൊണ്ടാണ് വിജയിച്ചതെന്നും അത് തന്റെ രാഷ്ട്രീയ സമീപനത്തിന്റെ ഭാഗമാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
മമ്മൂട്ടിക്കെതിരായ ആക്രമണങ്ങളുടെ പേരിൽ സിപിഎം പ്രവർത്തകരെ ചെറുതാക്കേണ്ടതില്ലെന്നും പാർട്ടി നേതാക്കൾ ഇത്തരം ആക്രമണങ്ങൾ നടത്തില്ലെന്നും അദ്ദേഹം ആവർത്തിച്ചു. സിപിഎമ്മിന്റെ പേരിൽ പ്രവർത്തിക്കുന്ന ചില പ്രത്യേക താൽപര്യക്കാരായിരിക്കാം ആക്രമണങ്ങൾക്ക് പിന്നിലെന്നും ആർഎസ്എസുമായി ബന്ധമില്ലാത്ത ചിലരെയാണ് സംഘികളെന്ന് വിളിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മമ്മൂട്ടിയുമായി തനിക്ക് നല്ല വ്യക്തിബന്ധമാണുള്ളതെന്നും മകളുടെ വിവാഹത്തെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ താൽപര്യമില്ലെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി.


