പ്രളയം; ദുരന്തബാധിതരായ കുടുംബങ്ങള്‍ക്ക് 10000 രൂപ ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ച് കെജ്‌രിവാള്‍

single-img
16 July 2023

ശക്തമായ മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ദുരിതം ബാധിച്ച കുടുംബങ്ങള്‍ക്ക് 10,000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. യമുന നദിയുടെ തീരങ്ങളില്‍ താമസിക്കുന്ന നിരവധി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രളയത്തില്‍ വലിയ നഷ്ടങ്ങളുണ്ടായി. ചില കുടുംബങ്ങള്‍ക്ക് അവരുടെ വീട്ടുസാധനങ്ങള്‍ അടക്കം നഷ്ടമായി.

ആദ്യഘട്ടത്തിൽ സർക്കാർ സാമ്പത്തിക സഹായമെന്ന നിലയില്‍ ഓരോ കുടുംബത്തിനും 10,000 രൂപവീതം സമാശ്വാസമായി നല്‍കും. ഇതോടൊപ്പം ആധാര്‍ കാര്‍ഡും പ്രധാനപ്പെട്ട രേഖകളും നഷ്ടമായവര്‍ക്കായി പ്രത്യേകം ക്യാമ്പുകള്‍ സംഘടിപ്പിക്കും. പുസ്തകങ്ങളും യൂണിഫോമുകളും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അവ നല്‍കുമെന്നും അരവിന്ദ് കെജ്‌രിവാള്‍ സോഷ്യൽ മീഡിയയായ ട്വീറ്റിലൂടെ അറിയിച്ചു.

അതേസമയം, നിലവിൽ ചന്ദ്രവാള്‍ ജലശുദ്ധീകരണ ശാല പ്രവര്‍ത്തനം ആരംഭിച്ചതായും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതോടുകൂടി പ്രളയത്തെ തുടര്‍ന്ന് ജലവിതരണം തടസപ്പെട്ട ഡല്‍ഹിയിലെ പ്രധാനകേന്ദ്രങ്ങളില്‍ ജലവിതരണം പുന:സ്ഥാപിക്കപ്പെടും.