ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ നിറച്ചാർത്തുമായി എസ് എൻ ശ്രീപ്രകാശിന്റെ ചിത്രപ്രദർശനം തലസ്ഥാന നഗരിയിൽ

single-img
20 July 2023

അനന്തപുരിയെ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ നിറങ്ങൾ കൊണ്ട് ധന്യമാക്കാൻ പ്രശസ്ത ചിത്രകാരൻ എസ്.എൻ. ശ്രീപ്രകാശിന്റെ ചിത്ര പ്രദർശനം. മ്യൂസിയം ഓഡിറ്റോറിയത്തിലെ കെ. സി. എസ്. പണിക്കർ ഗ്യാലറിയിൽ ജൂലൈ 19 മുതൽ 22 നടക്കുന്നത്. Me and My Palette( ഞാനും എന്റെ ചായപ്പലകയും) എന്ന് പേരിട്ടിരിക്കുന്ന ഈ പ്രദർശനം രാവിലെ 10 മണി മുതൽ 5 മണിവരെയാണ് ഉണ്ടാകുക.

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ അവിടുത്തെ പ്രകൃതിഭംഗികൊണ്ടും സ്വാതന്ത്ര്യസമര ചരിത്രവുമായുള്ള ബന്ധം കൊണ്ടും പ്രസിദ്ധമാണ്. 1943 ഡിസംബർ 30ന് നേതാജി സുഭാഷ് ചന്ദ്രബോസ് ത്രിവർണപതാക ഉയർത്തിയത് ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ഈ ത്രിവർണപതാകയ്ക്കും ത്യാഗികളായ അനേകം സ്വാതന്ത്ര്യസമര സേനാനികൾക്കും തന്റെ ഈ ചിത്രപ്രദർശനം ശ്രീപ്രകാശ് സമർപ്പിക്കുന്നു. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പ്രകൃതി, ജനങ്ങൾ, ചരിത്രം എന്നിവയാണ് അദ്ദേഹം നിറങ്ങളിൽ ചാലിച്ച് അവതരിപ്പിക്കുന്നത്.

1986 മുതൽ ചിത്രരചനാരംഗത്ത് സജീവമായ ശ്രീപ്രകാശ് ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരവും പാരമ്പര്യവും പ്രചരിപ്പിക്കുന്നതിനായി തന്റെ ചിത്രകലയെ ഉപയോഗിച്ചിരുന്ന കലാകാരനാണ്. ദ്വീപുകളിലെ നിരവധി സ്ഥലങ്ങളും സർക്കാർ മന്ദിരങ്ങളും ഇദ്ദേഹത്തിന്റെ ക്യാൻവാസിൽ പതിഞ്ഞിട്ടുണ്ട്. അദ്ദേഹം നിരവധി ആർട്ട് ക്യാമ്പുകളിൽ പങ്കെടുക്കുകയും നിരവധി പ്രദർശനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. കലാസാംസ്‌കാരികരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ച് 2010-ലെ റിപ്പബ്ലിക് ദിനത്തിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ലഫ്റ്റനന്റ് ഗവർണർ അദ്ദേഹത്തെ പ്രശംസാപത്രം നൽകി ആദരിച്ചിട്ടുണ്ട്.

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ആകർഷകമായ ചരിത്രവും സംസ്‌കാരവും പ്രദർശിപ്പിക്കുന്ന തന്റെ പെയിന്റിങ്ങുകൾ ഉൾപ്പെടുത്തി ശ്രീപ്രകാശ് ‘ME & MY PALETTE’ എന്ന പേരിൽ ഒരു കോഫി ടേബിൾ ബുക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആസാദി കാ അമൃത് മഹോൽസവത്തിന്റെ ഭാഗമായി 2021 ഡിസംബർ 29-ന് ബഹുമാനപ്പെട്ട ലഫ്റ്റനന്റ് ഗവർണർ പ്രകാശനം ചെയ്ത ഈ കോഫി ടേബിൾ ബുക്കിന്റെ അവതാരിക എഴുതിയിരിക്കുന്നതും ലഫ്റ്റനന്റ് ഗവർണർ തന്നെയാണ്. 2018 ഡിസംബർ 30ന് ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പതാക ഉയർത്തൽ ചടങ്ങിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വരച്ച ഈ ബുക്കിന്റെ കവർ പെയിന്റിങ് ആസാദി കാ അമൃത് മഹോൽസവത്തിന്റെ എല്ലാ ചടങ്ങുകളുടെയും വേദികളുടെ പശ്ചാത്തലം അലങ്കരിക്കുന്നു.

എസ്.എൻ ശ്രീപ്രകാശ് കേരളത്തിൽ നടത്തുന്ന മൂന്നാമത്തെ ചിത്രപ്രദർശനമാണിത്. 1997-ൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ചരിത്രവും മനോഹാരിതയും, അവിടുത്തെ ജനങ്ങളെയും അവരുടെ ജീവിതരീതികളും പ്രമേയമാക്കിയ ചിത്രങ്ങളുടെ പ്രദർശനം ‘Footprints on Golden Sand’ എന്നപേരിൽ എറണാകുളത്തെ ലളിതകലാ അക്കാഡമിയിൽ നടത്തിയിരുന്നു. ദ്വീപുകളിലെ ‘Beyond Synonyms- Conversation through Colours’ എന്ന പേരിൽ ലളിതകലാ അക്കാഡമിയിൽ വെച്ച് നടത്തിയ പ്രദർശനത്തിൽ അദ്ദേഹം പ്രമേയമാക്കിയത് ദ്വീപുകളിലെ ഗോത്രജനവിഭാഗങ്ങളെയും സുനാമി ദ്വീപിൽ വിതച്ച ദുരന്തങ്ങളെയും ആയിരുന്നു.

ഇതുകൂടാതെ ‘മൗനത്തിന്റെ നിലവിളി’ എന്ന മലയാളം ഹ്രസ്വചിത്രത്തിലെ പ്രധാന കഥാപാത്രമായ ഒരു ഊമയായ ഒരു ചിത്രകാരന്റെ വേഷവും ശ്രീപ്രകാശ് അവതരിപ്പിച്ചിട്ടുണ്ട്. സുനാമിയ്ക്ക് മുൻപും ശേഷവും ഉള്ള കാലയളവിലെ കാർ നിക്കോബാർ ദ്വീപിലെ ഒരു ഗോത്രജനവിഭാഗത്തിന്റെ ജീവിതം അധികരിച്ച് ഇദ്ദേഹം രചിച്ച ‘Candles on Waves’ എന്ന ഇംഗ്ലീഷ് നോവൽ ശ്രദ്ധേയമായിരുന്നു.