മറ്റൊരാളെ വിവാഹം കഴിച്ചു; കാമുകന്‍റെ വീടിന് മുൻപിൽ മുൻ കാമുകി ധർണ നടത്തി

single-img
4 August 2023

പശ്ചിമ ബംഗാളിൽ കാമുകൻ തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിച്ചതോടെ കാമുകന്‍റെ വീടിന് മുൻപിൽ യുവതി ധർണ നടത്തി. സംസ്ഥാനത്തെ കൂച്ച്ബെഹാർ ജില്ലയിലെ ഗുരിയാത്തി-2 ഗ്രാമപഞ്ചായത്തിലാണ് സംഭവം. യുവാവുമായി തനിക്ക് ഒരു വർഷത്തിലേറെയായി പരിചയമുണ്ടെന്നാണ് യുവതി അവകാശപ്പെടുന്നത്.

കഴിഞ്ഞ ഒരു വർഷക്കാലമായി തങ്ങൾ പ്രണയത്തിലായിരുന്നുവെന്നും യുവാവ് തനിക്ക് വിവാഹ വാഗ്ദാനം നൽകിയിരുന്നെന്നും യുവതി അവകാശപ്പെട്ടു. ധാരാളം തവണ തന്നെ യുവാവിന്‍റെ വീട്ടിൽ കൊണ്ടുവന്നിട്ടുണ്ടെന്നും അതിന് പരിസരവാസികൾ സാക്ഷികളാണെന്നും യുവതി പറയുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നെന്ന് പരിസരവാസികളും സ്ഥിരീകരിച്ചു.

എന്നാൽ, യുവാവ് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചപ്പോൾ അതിനെ ചില പരിസരവാസികളിൽ ആ വിവാഹത്തെ എതിർത്തിരുന്നു. പക്ഷെ അതൊന്നും കാര്യമാക്കാതെയാണ് യുവാവ് വിവാഹം കഴിച്ചതൊന്നും പ്രദേശവാസികള്‍ പറയുന്നു. കാമുകി അറിയാതിരിക്കാൻ ഏറെ രഹസ്യമായാണ് ഇയാൾ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചത്. ഇതിനിടെ ഇയാള്‍ നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്തു.

വിവാഹ വാഗ്ദാനം നൽകിയ കാമുകൻ നിരവധി തവണ താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍, ഇയാള്‍ തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് മുൻ കാമുകി, കാമുകന്‍റെ വീടിന് മുൻപിൽ ധർണ ഇരുന്നത്.

അതേസമയം, ഇതുമായി ബന്ധപ്പെട്ട ഒരു പരാതിയും ഇരുവിഭാഗങ്ങളുടെ ഭാഗത്ത് നിന്നും ലഭിച്ചിട്ടില്ലെന്നും എന്നാല്‍ കൂടുതൽ പ്രശ്നങ്ങുണ്ടാകാതിരിക്കാൻ യുവാവിന്‍റെ വീടിന് സമീപത്ത് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും ഗുരിയാത്തി സ്റ്റേഷൻ ഓഫീസർ പറഞ്ഞു. ആരോപണ വിധേയനായ കാമുകൻ ഇപ്പോൾ ഒളിവിലാണ്. കാമുകന്‍റെ വീട്ടുകാർ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. യുവതി ധർണ നടത്തുന്ന വിവരം അറിഞ്ഞ് നിരവധി പരിസരവാസികളാണ് പ്രദേശത്തേക്കെത്തുന്നത്.