ഇംഗ്ലീഷ് നഴ്‌സറി പാട്ടുകളായ “ജോണി ജോണി യെസ് പാപ്പാ”, “റെയിൻ റെയിൻ ഗോ എവേ” എന്നിവ ഇന്ത്യൻ സംസ്കാരത്തിനും മൂല്യങ്ങൾക്കും നിരക്കാത്തത്: യുപി ഉന്നത വിദ്യാഭ്യാസ മന്ത്രി

single-img
10 May 2026

പ്രശസ്തമായ ഇംഗ്ലീഷ് നഴ്‌സറി റൈമുകളായ “ജോണി ജോണി യെസ് പാപ്പാ”, “റെയിൻ റെയിൻ ഗോ എവേ” എന്നിവ ഇന്ത്യൻ സംസ്കാരത്തിനും മൂല്യങ്ങൾക്കും നിരക്കാത്തതാണെന്ന് ഉത്തർപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി യോഗേന്ദ്ര ഉപാധ്യായ പ്രസ്താവിച്ചു. കാൺപൂരിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ വിവാദ പരാമർശം നടത്തിയത്.

ഇത്തരം കവിതകൾ കുട്ടികളിൽ കള്ളം പറയുന്ന സ്വഭാവവും സ്വാർത്ഥതയും വളർത്താനാണ് സഹായിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വിദ്യാഭ്യാസം എന്നത് കേവലം അറിവ് പകരലല്ല, മറിച്ച് മൂല്യബോധമുള്ള തലമുറയെ വാർത്തെടുക്കലാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

“ജോണി ജോണി യെസ് പാപ്പാ” എന്ന കവിതയെ ഉദാഹരിച്ചുകൊണ്ട്, കുട്ടികൾ പഞ്ചസാര കഴിച്ചോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്ന് മറുപടി നൽകുന്നത് കള്ളം പറയാൻ പഠിപ്പിക്കുന്നതിന് തുല്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മാതാപിതാക്കൾ അഭിമാനപൂർവ്വം കുട്ടികളോട് ഈ കവിത ചൊല്ലാൻ ആവശ്യപ്പെടുമ്പോൾ അതിലെ സന്ദേശം ശ്രദ്ധിക്കുന്നില്ല. കള്ളം പറയുന്നതും പിന്നീട് വായ തുറന്ന് ചിരിക്കുന്നതും കാര്യങ്ങളെ പരിഹസിക്കുന്ന രീതിയാണെന്നും ഇത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

“റെയിൻ റെയിൻ ഗോ എവേ” എന്ന കവിതയിലെ വരികൾ സ്വാർത്ഥത വളർത്തുന്നതാണെന്നും ഉപാധ്യായ കുറ്റപ്പെടുത്തി. കൊച്ചു ജോണിക്ക് കളിക്കാൻ വേണ്ടി മഴ പോകണം എന്ന് പറയുന്നത് വ്യക്തിപരമായ സുഖത്തിന് വേണ്ടിയുള്ള ആഗ്രഹമാണ്. എന്നാൽ ഇന്ത്യൻ സംസ്കാരം പഠിപ്പിക്കുന്നത് “സർവജൻ ഹിതായ, സർവജൻ സുഖായ” (എല്ലാവരുടെയും നന്മയ്ക്കും എല്ലാവരുടെയും സുഖത്തിനും വേണ്ടി) എന്ന തത്വമാണ്. വ്യക്തിഗത സൗകര്യത്തേക്കാൾ പ്രകൃതിയുമായുള്ള ഐക്യത്തിനും കൂട്ടായ നന്മയ്ക്കുമാണ് നാം മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.