തിരക്കുകൾ കൂടി; ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു

single-img
20 April 2024

ടെസ്‌ല സ്ഥാപകനും ശതകോടീശ്വരനുമായ ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു. വരുന്ന തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്ന ഇലോൺ മസ്ക്, വ്യക്തിപരമായ തിരക്കുകൾ കാരണം സന്ദർശനം മാറ്റി എന്നാണ് അറിയിച്ചിട്ടുള്ളത്.

മസ്കിന്‍റെ ഇന്ത്യാ സന്ദർശനത്തെ കുറിച്ച് വാർത്താ ഏജൻസിക്ക് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ നരേന്ദ്ര മോദി പരാമർശിച്ചിരുന്നു. ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനു മുന്നോടിയായിട്ടാണ് മസ്ക് സന്ദർശനം നിശ്ചിയിച്ചിരുന്നത്. 300 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദർശന വേളയിൽ ഇതുസംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടന്നു. കേന്ദ്രം പുതിയ വൈദ്യുത വാഹന നയത്തിന് അംഗീകാരം നൽകിയതിനു പിന്നാലെയാണ് മസ്കിന്റെ ഇന്ത്യാ സന്ദർശനം വാർത്തയായത്.