ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ‘ദില്ലി ചലോ’; ജന്തർ മന്ദിറിലേക്ക് മാർച്ച് ഇന്ന്ഡിവൈഎഫ്ഐ ‘ദില്ലി ചലോ’ മാർച്ച്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി, തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തി ഡിവൈഎഫ്ഐയുടെ ‘ദില്ലി ചലോ മാർച്ച്’ ഇന്ന്. ദില്ലി പൊലീസിന്റെ വിലക്ക് മറികടന്ന് ജന്തർ മന്ദിറിലേക്ക് പ്രതിഷേധ മാർച്ച് നടത്താനാണ് ഡിവൈഎഫ്ഐയുടെ തീരുമാനം.
ഒരു മാസം മുമ്പ് പ്രതിഷേധത്തിന് അനുമതി തേടി അപേക്ഷ നൽകിയിരുന്നെങ്കിലും ദില്ലി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതോടെയാണ് വിലക്ക് മറികടന്ന് ജന്തർ മന്ദിറിലേക്ക് മാർച്ച് നടത്താൻ സംഘടന തീരുമാനിച്ചത്.
കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആയിരത്തിലധികം ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ അറിയിപ്പ്. ഡിവൈഎഫ്ഐയുടെ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്എഫ്ഐയും മാർച്ചിന്റെ ഭാഗമാകും. സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുക്കും.
അതേസമയം, പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ജന്തർ മന്ദിറിന് സമീപത്തെ മെട്രോ സ്റ്റേഷനുകൾ അടച്ചതായി അധികൃതർ അറിയിച്ചു. ജൻപഥ്, പട്ടേൽ ചൗക്ക്, ന്യൂഡൽഹി എന്നിവയുൾപ്പെടെ 11 മെട്രോ സ്റ്റേഷനുകളാണ് അടച്ചത്.


