ദുബൈ-ടെൽ അവീവ് വിമാനം സൗദിയിൽ അടിയന്തരമായി ഇറക്കി; കാരണം കോക്പിറ്റിൽ പൈലറ്റുമാർ തമ്മിൽ സംഘർഷം

single-img
30 September 2026

ദുബൈയിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബൈ വിമാനം കോക്പിറ്റിലുണ്ടായ ഗുരുതരമായ സംഘർഷത്തെ തുടർന്ന് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിലെ പൈലറ്റുമാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഒരാൾ മറ്റൊരാളെ കത്തികൊണ്ട് ആക്രമിച്ചെന്നാണ് യാത്രക്കാരുടെ മൊഴി. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

സംഘർഷത്തിനിടെ വിമാനം പെട്ടെന്ന് ഉയരം താഴ്ത്തുകയും അടിയന്തര കോഡുകൾ പുറപ്പെടുവിക്കുകയും ചെയ്തതോടെ ഹൈജാക്ക് സാധ്യതയടക്കം ആശങ്ക ഉയർന്നു. വിമാനത്തിൽ 7500 എന്ന കോഡ് നൽകിയതായി റിപ്പോർട്ടുകളുണ്ട്. ഇത് അനധികൃത ഇടപെടലിനെയോ ഹൈജാക്കിനെയോ സൂചിപ്പിക്കുന്ന അന്താരാഷ്ട്ര അടിയന്തര കോഡാണ്. തുടർന്ന് വിമാനം സൗദിയിലേക്ക് തിരിച്ചുവിടുകയായിരുന്നു.

കോക്പിറ്റിലുണ്ടായ ആക്രമണത്തിനിടെ യാത്രക്കാരും വിമാനത്തിലെ ജീവനക്കാരും ഇടപെട്ട് അക്രമിയെ കീഴടക്കാൻ സഹായിച്ചതായാണ് യാത്രക്കാരുടെ മൊഴി. വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്ന മറ്റ് പൈലറ്റുമാരും നിയന്ത്രണം ഏറ്റെടുത്ത് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സഹായിച്ചതായി റിപ്പോർട്ടുകളുണ്ട്.

വിമാനം ഏകദേശം 34,000 അടി ഉയരത്തിൽ നിന്ന് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ 17,000 അടിയോളം താഴേക്ക് പതിച്ചതായും ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങൾ വ്യക്തമാക്കുന്നു. സംഭവത്തെ തുടർന്ന് ഇസ്രയേൽ യുദ്ധവിമാനങ്ങൾ സജ്ജമാക്കിയിരുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ.

അക്രമത്തിന് പിന്നിലെ ഉദ്ദേശ്യം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. സംഭവത്തെ ഭീകരാക്രമണശ്രമമായിരുന്നോ എന്നതടക്കം പരിശോധിക്കുന്നതായി ഇസ്രയേൽ അധികൃതർ അറിയിച്ചു. അതേസമയം, ഫ്ലൈദുബൈ വിമാനം ഹൈജാക്ക് ചെയ്തതാണെന്ന ആദ്യ റിപ്പോർട്ടുകൾക്ക് പിന്നാലെ സംഭവത്തിന്റെ യഥാർഥ കാരണം പൈലറ്റുമാർ തമ്മിലുണ്ടായ സംഘർഷമാണെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.