പോപ്പുലർ ഫ്രണ്ടുമായി ബജ്‌റംഗ്ദളിനെ താരതമ്യം ചെയ്തു; ഖാർഗെക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്

single-img
15 May 2023

100 കോടി രൂപ നല്കണം എന്നാവശ്യപ്പെട്ടുള്ള മാനനഷ്ടക്കേസിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് പഞ്ചാബ് കോടതി സമൻസ് അയച്ചു. ബജ്‌റംഗ്ദൾ ഹിന്ദുസ്ഥാൻ എന്ന സംഘടനയുടെ പ്രസിഡന്റ് ഹിതേഷ് ഭരദ്വാജ് നൽകിയ ഹർജി തുടർന്നാണ് സംഗരൂർ ജില്ലാ കോടതി കോൺഗ്രസ് അധ്യക്ഷനോട് ജൂൺ 10ന് നേരിട്ട് കോടതിയിൽ ഹാജരാവാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

കർണാടകയിലെ പ്രകടന പത്രികയിൽ പോപ്പുലർ ഫ്രണ്ടുമായി ബജ്‌റംഗ്ദളിനെ താരതമ്യം ചെയ്‌തതിനെതിരെയാണ് ഹർജി. കർണാടക പ്രകടന പത്രികയിൽ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആയാലും ശത്രുതയോ വിദ്വേഷമോ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെ നിരോധിക്കുമെന്ന് ബജ്‌റംഗ്ദളിൻ്റെ പേര് എടുത്ത് പറഞ്ഞ് പ്രകടനപത്രികയിൽ കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു.