കേരളത്തിലേത് മോശം സര്‍ക്കാര്‍; എൻഡിഎയെ തെരഞ്ഞെടുക്കണം: കേന്ദ്രമന്ത്രി കിരൺ റിജിജു

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മധ്യമേഖലയിൽ തുടക്കം കുറിച്ച് എൻഡിഎ. എറണാകുളം റീജിയണൽ ഓഫിസ് കേന്ദ്രമന്ത്രികിരൺ റിജിജു ഉദ്ഘാടനം ചെയ്‌തു. കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കേന്ദ്രമന്ത്രി, വികസിനത്തിനായി എൻഡിഎ സര്‍ക്കാരിനെ തെരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ടു.
കേരളത്തെ അഭിവൃദ്ധിയിലേക്ക് നയിക്കാൻ പ്രാപ്‌തിയുള്ള ഒരു സർക്കാർ നിലവിൽ സംസ്ഥാനത്തില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി കൊച്ചിയിൽ എൻഡിഎ തെരഞ്ഞെടുപ്പ് ഓഫിസ് ഉദ്ഘാടനം ചെയ്‌ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വികസിത കേരളം’ എന്ന ലക്ഷ്യത്തിലേക്കുള്ള നിർണായകമായ ഒരു ചുവടുവെപ്പാണ് ഈ പുതിയ ഓഫിസ് എന്നും അദ്ദേഹം വ്യക്തമാക്കി.
നരേന്ദ്ര മോദി സർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതികൾ കേരളത്തിൽ ഫലപ്രദമായി നടപ്പിലാക്കാൻ അനുയോജ്യമായ ഒരു ഭരണസംവിധാനം സംസ്ഥാനത്തില്ലെന്ന് പാർലമെൻ്ററി കാര്യ മന്ത്രി കൂടിയായ അദ്ദേഹം വിമര്‍ശിച്ചു. “കേരളത്തിൻ്റെ ഊർജ്ജസ്വലതയെ ശരിയായ രീതിയിൽ ഉപയോഗിക്കാനും സംസ്ഥാനത്തെ അടുത്ത ഘട്ടത്തിലുള്ള അഭിവൃദ്ധിയിലേക്ക് നയിക്കാനും കഴിയുന്ന ഒരു സർക്കാർ കേരളത്തിന് എപ്പോഴും അന്യമാണ്,” റിജിജു പറഞ്ഞു.


