സീറ്റില്ലെങ്കിലും പരാതി ഇല്ല; സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പ് പോസ്റ്റർ അടിച്ചതിൽ ദീപ്തി മേരി വർഗീസ്

സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പ് പോസ്റ്റർ അടിച്ചതിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. പാർട്ടി പോസിറ്റീവായി പറഞ്ഞതുകൊണ്ടാണ് മുന്നൊരുക്കങ്ങൾ നടത്തിയത്. പോസ്റ്റർ അടിച്ചത് അതിന്റെ ഭാഗമായാണ്. തീരുമാനം നെഗറ്റീവ് ആയോ എന്നറിയില്ലെന്നും ദീപ്തി മേരി വർഗീസ് കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
സീറ്റില്ലെങ്കിലും പരാതി ഇല്ല. പാർട്ടി പറയുന്നത് അനുസരിക്കും. തനിക്ക് പാർട്ടിയാണ് എല്ലാം. പലവിധത്തിൽ പരിഗണിക്കാമല്ലോ എന്നും ദീപ്തി വ്യക്തമാക്കി. “യുഡിഎഫിന് വലിയ ജനപിന്തുണയുണ്ട്. ഇത്തവണ ആര് മത്സരിച്ചാലും കൊച്ചി തിരിച്ചു പിടിക്കും. അതിനുള്ള സാഹചര്യമാണ് പാർട്ടിയിൽ ഉള്ളത്.
ജനങ്ങൾക്കിടയിൽ ഇത്തവണ യുഡിഎഫിന് വലിയ പിന്തുണയുണ്ട്. 23 ദിവസം മാത്രമാണ് ഇനി പ്രചാരണത്തിന് ഉള്ളത്. സിറ്റിങ് എംഎൽമാരൊക്കെ വളരെ മുമ്പ് തന്നെ പോസ്റ്ററൊക്കെ തയാറാക്കി വച്ചിട്ടുണ്ട്. എംഎൽഎ ഇല്ലാത്ത സ്ഥലത്ത് പുതുതായി വരുന്നവർ മുന്നൊരുക്കം നടത്തണ്ടേ”, ദീപ്തി മേരി വർഗീസ് ചോദിച്ചു.


