കൊവിഡ് നിയന്ത്രണം ; ചൈനയില്‍ പൊലീസും ഐഫോൺ കമ്പനി തൊഴിലാളികളും ഏറ്റുമുട്ടി

single-img
23 November 2022

ചൈനയിൽ നടപ്പാക്കിയ സീറോ കൊവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നതായി റിപ്പോര്‍ട്ട്. ഇന്ന് ചൈനീസ് നഗരമായ ഷെങ്‌ഷൗവിലെ ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറിയിലാണ് ശക്തമായ പ്രതിഷേധം രൂപപ്പെട്ടത്.

പ്രദേശത്തെ ഐഫോൺ ഫാക്ടറിയിൽ നൂറുകണക്കിന് തൊഴിലാളികൾ മാർച്ച് ചെയ്യുന്നത് വീഡിയോകളില്‍ കാണാം. ജനങ്ങളും പൊലീസും ചില ഇടങ്ങളില്‍ പരസ്പരം ഏറ്റുമുട്ടിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ബലം പ്രയോഗിച്ചെന്നും പലരേയും മര്‍ദ്ദിച്ചതായും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചവര്‍ പറഞ്ഞു.

ചില വീഡിയോകളില്‍ സ്ത്രീകളെ ഉൾപ്പെടെ തെരുവിലൂടെ വലിച്ചിഴയ്ക്കുന്നതും കൈയും കാലും കെട്ടിയിട്ടശേഷം തലയ്ക്ക് ചവിട്ടി പിടിച്ചിരിക്കുന്ന പിപിഇ കിറ്റ് ധരിച്ച ഉദ്യോഗസ്ഥരെയും കാണാം. നഗരത്തില്‍ ഒരു കൊവിഡ് പോസറ്റീവ് രേഖപ്പെടുത്തിയാല്‍ ആ നഗരം മുഴുവനായും അടച്ചുപൂട്ടുന്നതാണ് ചൈനയുടെ സീറോ കൊവിഡ് പദ്ധതി. ഇങ്ങനെ അടച്ച് പൂട്ടപ്പെടുന്ന നഗരങ്ങളിലേക്കുള്ള അടിസ്ഥാന സാധനങ്ങളുടെ വിതരണം പോലും പലപ്പോഴും നിലയ്ക്കുന്നതായി ജനങ്ങളും പരാതിപ്പെടുന്നു.

ഈ ഒക്ടോബറിൽ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരുന്നത്. ഇതേ തുടര്‍ന്ന് ഫോക്‌സ്‌കോൺ സൈറ്റ് പൂട്ടിയിട്ടിരുന്നു. തൊഴിലാളികളെ നിര്‍ബന്ധപൂര്‍വ്വം വീടുകളിലേക്ക് അയച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അന്നും ഫാക്ടറിയില്‍ തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു. പിന്നീട് കൊവിഡ് രോഗബാധയില്‍ കുറവ് രേഖപ്പെടുത്തിയപ്പോള്‍ കൂടുതല്‍ ബോണസ് വാഗ്ദാനം ചെയ്ത് കമ്പനി പുതിയ തൊഴിലാളികളെ നിയമിച്ചു. എന്നാല്‍, പുതിയ പ്രശ്നങ്ങളെ കുറിച്ച് ഫോക്‌സ്‌കോൺ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.