കോൺഗ്രസ് നേതിര്ത്വത്തിന് ആർഎസ്‌എസ്‌ അനുകൂലനിലപാട്‌: ഡിവൈഎഫ്‌ഐ

single-img
20 November 2022

സംഘപരിവാർ വിരുദ്ധ സെമിനാർ നടത്തുന്നതിന്‌ യൂത്ത് കോൺഗ്രസിന് വിലക്കേർപ്പെടുത്തിയതിലൂടെ തെളിയുന്നത് കോൺഗ്രസ് നേതൃത്വത്തിന്റെ ആർഎസ്എസ് അനുകൂല നിലപാടെന്ന്‌ ഡിവൈഎഫ്‌ഐ. കോഴിക്കോട്ട്‌ നടത്താനിരുന്ന “സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ സെമിനാർ നേതൃത്വം ഇടപെട്ട് നിർത്തിവച്ചെന്ന്‌ യൂത്ത് കോൺഗ്രസ് നേതാവ് കെ എസ് ശബരീനാഥൻ തന്നെയാണ്‌ സാമൂഹ മാധ്യമങ്ങൾവഴി അറിയിച്ചത്‌. ശശി തരൂർ മുഖ്യ പ്രഭാഷകനാണെന്ന കാരണത്താലാണ് നിർത്തിച്ചതെന്നാണ്‌ പറയുന്നത്‌. കോൺഗ്രസ് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മത്സരിച്ചതാണ് തരൂർ ചെയ്ത കൊടിയ അപരാധമായി കാണുന്നത്.

ജനാധിപത്യത്തെക്കുറിച്ച് വാതോരാതെ പ്രസംഗിച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെക്കുറിച്ച് ചാനലുകളിൽ വാഴ്ത്തുന്ന നേതാക്കളുടെ തനിനിറമാണ് ഇതിലൂടെ പുറത്തുവരുന്നത്. കെ സുധാകരൻ നയിക്കുന്ന കോൺഗ്രസ് നേതൃത്വം സംഘപരിവാറിനെതിരെയും മതേതരത്വത്തിനുവേണ്ടിയും സംസാരിക്കുന്ന സെമിനാർ അനുവദിക്കാത്തത് ബിജെപി പക്ഷപാതിത്വത്തിന്റെ ഉദാഹരണമാണ്. ഇവരുടെ തീട്ടൂരം ഭയന്ന് പരിപാടി ഉപേക്ഷിച്ച യൂത്ത് കോൺഗ്രസ് നിലപാട് മതേതര വിശ്വാസികളായ യുവ ജനതയ്ക്ക് അപമാനമാണന്നും ഡിവൈഎഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.