സ്വന്തം ചെലവിൽ; മുഖ്യമന്ത്രിയുടെ സ്വകാര്യ വിദേശയാത്ര കേന്ദ്ര സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും അനുമതിയോടെ: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
8 May 2024

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനം സ്വന്തം ചെലവിലാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റർ . മുഖ്യമന്ത്രിയുടെ സ്വകാര്യ വിദേശയാത്ര കേന്ദ്ര സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും അനുമതിയോടെയാണെന്നും ഇപ്പോഴുള്ള ചര്‍ച്ചയ്ക്ക് പിന്നില്‍ ഇടതുപക്ഷ വിരോധമാണെന്നും സപോണ്‍സര്‍ഷിപ്പ് ശുദ്ധ അസംബന്ധമെന്നും ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.

വിമർശനം ഉന്നയിച്ച കേന്ദ്ര വിദേശകാര്യ മന്ത്രിയോട് സഹതാപമേയുള്ളൂ. അതിനൊന്നും മറുപടി പറയേണ്ട കാര്യമില്ല. വരള്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി യാത്ര പോയത്. ഇതിന് മുന്‍പും ഇവിടെ മുഖ്യമന്ത്രിമാരുണ്ടായിട്ടുണ്ട്. അവരൊക്കെ സ്വകാര്യ യാത്ര നടത്തിയിട്ടുണ്ട്.

ചില കോണ്‍ഗ്രസ് നേതാക്കള്‍ എവിടെയാണ് പോകുന്നതെന്ന് പോലും ആര്‍ക്കും അറിയില്ല. ഏത് യോഗം വിളിക്കാനും എവിടെ നിന്നും സാധിക്കുന്ന കാലമാണിത്. മുഖ്യമന്ത്രിക്ക് തന്നെ ലോകത്തിന്റെ എവിടെ നിന്നും ചുമതല വഹിക്കാനാകും. പിന്നെന്തിനാണ് ചുമതല കൈമാറുന്നതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ ചോദിച്ചു.

മാത്യു കുഴല്‍നാടന്റെ പരാജയം മറയ്ക്കാന്‍ മാധ്യമങ്ങള്‍ മുഖ്യമന്ത്രിയുടെ യാത്ര വിവാദമാക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദേശയാത്രയുടെ ചെലവ് ആരാണ് വഹിച്ചത് എന്ന ചോദ്യത്തോട് ക്ഷോഭിക്കുകയായിരുന്നു എം വി ഗോവിന്ദന്‍. അസംബന്ധ ചോദ്യമാണ് അത്. അസംബന്ധ ചോദ്യത്തിന് അസംബന്ധ മറുപടി പറയാന്‍ താനില്ല. ചെലവ് മുഖ്യമന്ത്രി തന്നെയാണ് വഹിക്കുന്നത്. അത് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.