ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി; ഒക്ടോബർ 2ന് ശിവാജി പാർക്കിൽ പ്രതിഷേധം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രഖ്യാപിച്ച പ്രതിഷേധം ഒക്ടോബർ 2ന് മുംബൈയിലെ ശിവാജി പാർക്കിൽ തന്നെ ആരംഭിക്കുമെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. ഗാന്ധിജയന്തി ദിനത്തിൽ ആരംഭിക്കുന്ന പ്രതിഷേധം പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ശിവാജി പാർക്കിൽ പ്രതിഷേധം നടത്തുന്നത് തങ്ങളുടെ അവകാശമാണെന്നും ആസാദ് മൈതാനത്ത് സമരം നടത്താൻ താൽപര്യമില്ലെന്നും ദിപ്കെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശിവാജി പാർക്ക് നിശബ്ദ മേഖലയാണെന്ന വാദത്തെയും അദ്ദേഹം ചോദ്യം ചെയ്തു. അവിടെ മുഖ്യമന്ത്രിക്ക് റാലികൾ നടത്താൻ കഴിയുമെങ്കിൽ പ്രതിഷേധം നടത്തുന്നതിൽ എന്താണ് തടസമെന്നായിരുന്നു ദിപ്കെയുടെ ചോദ്യം.
ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് സി.ജെ.പി മുഖ്യവക്താവ് സൗരവ് ദാസും വ്യക്തമാക്കി. ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും എസ്.ഐ.ആർ നടപടികൾ മരവിപ്പിക്കണമെന്നും ദിപ്കെ ആവശ്യപ്പെട്ടു.
അതേസമയം, ഒക്ടോബർ 2ന് ശിവാജി പാർക്കിൽ പ്രതിഷേധം നടത്താൻ സി.ജെ.പിക്ക് മുംബൈ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ശിവാജി പാർക്കിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും ശബ്ദമലിനീകരണം, ഗതാഗത തടസം, സമീപത്തെ ആശുപത്രികളിലേക്കുള്ള യാത്ര എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകളും ചൂണ്ടിക്കാട്ടിയാണ് പൊലീസ് അനുമതി നിഷേധിച്ചത്.
അനുമതി നിഷേധിച്ച സാഹചര്യത്തിൽ ‘ജയിൽ നിറയ്ക്കൽ സമരം’ നടത്തുമെന്ന് ദിപ്കെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒക്ടോബർ 2ന് ശിവാജി പാർക്കിൽ തന്നെ പ്രതിഷേധം നടത്തുമെന്ന നിലപാടിലാണ് സി.ജെ.പി.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷനിലെ നടപടികളെച്ചൊല്ലിയുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തിയത്. ഒക്ടോബർ 2ന് മുംബൈയിൽനിന്ന് ആരംഭിക്കുന്ന പ്രതിഷേധം പിന്നീട് ഡൽഹിയിലെ ജന്തർ മന്തറിലേക്കും വിവിധ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് സി.ജെ.പി വ്യക്തമാക്കിയിരിക്കുന്നത്.


