സ്വന്തമല്ലാത്ത പ്രദേശം ഉൾപ്പെടുത്തുന്നത് ചൈനയുടെ ശീലം; അരുണാചൽ ഉൾപ്പെടുത്തി ചൈന പുറത്തിറക്കിയ ഭൂപടം തള്ളി ഇന്ത്യ
ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശ് തങ്ങളുടെ ഭൂ ഭാഗമായി ഉൾപ്പെടുത്തി ചൈന പുറത്തിറക്കിയ ഭൂപടം തള്ളി ഇന്ത്യ. ജി-20 ഉച്ചകോടി ഉടൻതന്നെ നടക്കാനിരിക്കെ കഴിഞ്ഞ ദിവസമാണ് ചൈന ഭൂപടം പുറത്തിറക്കിയത്. സ്വന്തമല്ലാത്ത പ്രദേശം ഉൾപ്പെടുത്തുന്നത് ചൈനയുടെ ശീലമാണെന്ന് പറഞ്ഞുകൊണ്ടാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൈനയുടെ ഇന്ത്യാ ഭൂപടം തള്ളുന്നതായി വ്യക്തമാക്കിയത്.
ചൈന പുറത്തിറക്കിയ പുതിയ ഭൂപടം ഇന്ത്യയെ ബാധിക്കുന്നതല്ല. ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളെ കുറിച്ച് കേന്ദ്രസർക്കാരിന് വ്യക്തമായ ധാരണയുണ്ട്. അസംബന്ധമായ് വാദങ്ങൾ ഉന്നയിച്ചാൽ അരുണാചൽ ചൈനയുടേതാകില്ലെന്നും ജയശങ്കർ ഓർമ്മപ്പെടുത്തി. അതേസമയം, അരുണാചൽ ദക്ഷിണ ടിബറ്റിന്‍റെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം.
ഈ മാസം 28 ന് പുറത്തിറക്കിയ ഭൂപടത്തിലാണ് ദക്ഷിണ ടിബറ്റ് എന്ന് ചൈന അവകാശപ്പെടുന്ന അരുണാചൽ പ്രദേശും ഉൾപ്പെടുത്തിയത്. പുതിയ മാപ്പ് ചൈന പ്രസിദ്ധീകരിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാരിനെ പ്രതിപക്ഷം വിമർശിച്ചിരുന്നു. ചൈനയിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്താൻ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ച് ശിവസേന ഉദ്ദവ് പക്ഷ നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തി.