കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം സിപിഎം അജണ്ട; സൈബർ പ്രചാരണത്തിന് പിന്നിൽ ഇടത് ഹാൻഡിലുകൾ: മാത്യു കുഴൽനാടൻ

single-img
29 April 2026

കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കമുണ്ടെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾക്ക് പിന്നിൽ സിപിഎം സൈബർ വിഭാഗമാണെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. തിരഞ്ഞെടുപ്പ് സമയത്ത് ഇടതുപക്ഷത്തിന് വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്ന അക്കൗണ്ടുകളാണ് ഇപ്പോൾ കോൺഗ്രസിനെതിരെ ഇത്തരം ചർച്ചകൾ പടച്ചുവിടുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇടതു സർക്കാരിന്റെ ‘ബാധ’ ചില ഉദ്യോഗസ്ഥരെ ഇപ്പോഴും വിട്ടുപോയിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. വടകരയിൽ പ്രസവിച്ചു കിടന്ന സ്ത്രീയുടെ വീട്ടിൽ റെയ്ഡ് നടത്തിയത് ഇതിന് ഉദാഹരണമാണ്. സർക്കാരിന്റെ തനിനിറം അവസാന നാളുകളിൽ പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും ഒരു മന്ത്രി തന്നെ മൊഴി മാറ്റിപ്പറഞ്ഞത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2019-ലെ പ്രളയം മനുഷ്യനിർമിതമാണെന്ന തന്റെ ആരോപണം ശരിവെക്കുന്നതാണ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകറിന്റെ പുസ്തകമെന്ന് കുഴൽനാടൻ അവകാശപ്പെട്ടു. സർക്കാരിനൊപ്പം പ്രവർത്തിച്ച ഉദ്യോഗസ്ഥൻ തന്നെ കാര്യങ്ങൾ വെളിപ്പെടുത്തിയ സാഹചര്യത്തിൽ, സത്യാവസ്ഥ വെളിപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.