രാജ്യത്താകെ വ്യവസായികളെ കേന്ദ്ര ഏജൻസികൾ ഉപദ്രവിക്കുന്നു: മമത ബാനർജി

single-img
5 September 2023

രാജ്യമാകെ വ്യവസായികളെ കേന്ദ്ര ഏജൻസികൾ ഉപദ്രവിക്കുകയാന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. റിയൽ എസ്‌റ്റേറ്റ് മീറ്റ് STATECON 2023 സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവേ ആരിൽ നിന്നും ഒരു കപ്പ് ചായ പോലും സ്വീകരിക്കാത്ത തന്നെയും തന്റെ കുടുംബത്തെയും ഈ അന്വേഷണ ഏജൻസികൾ ഉപദ്രവിക്കുന്നുവെന്ന് മമത ആരോപിച്ചു.

” ചില സമയം , ചിലർ നിങ്ങളെ ശല്യപ്പെടുത്തിയേക്കാം, എന്നാൽ നിങ്ങൾ ഒറ്റയ്ക്കല്ല. ദുർബലരാകരുത്. എല്ലാ ബിസിനസുകാരെയും ഏജൻസികൾ ഉപദ്രവിക്കുന്നുണ്ട്. എന്റെ ജീവിതത്തിൽ ആരുടെയെങ്കിലും കൈയിൽ നിന്ന് ഞാൻ ഒരു പൈസ പോലും വാങ്ങാതെ, ഒരു കപ്പ് ചായ പോലും സ്വീകരിക്കാതെ നിന്നിട്ടും എന്റെ കുടുംബവും പീഡിപ്പിക്കപ്പെടുന്നു. ഇത് രാഷ്ട്രീയ പകപോക്കലാണ്. എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ നിയമപരമായ നടപടികൾ സ്വീകരിക്കണം” അവർ സമ്മേളനത്തോട് പറഞ്ഞു.

പശ്ചിമ ബംഗാളിൽ ഇപ്പോൾ വർഗീയ കലാപം മാത്രമേ നടക്കുന്നുള്ളൂവെന്നും വികസന പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും ചിത്രീകരിച്ച് സംസ്ഥാനത്തെക്കുറിച്ച് മോശം പ്രതിച്ഛായ സൃഷ്‌ടിക്കാനാണ് ചില വിഭാഗങ്ങൾ ശ്രമിക്കുന്നതെന്നും മമത അവകാശപ്പെട്ടു.

“ഈ പ്രചാരണങ്ങൾ തീർത്തും തെറ്റാണ്. നിങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിച്ചാൽ, പശ്ചിമ ബംഗാൾ പല പാരാമീറ്ററുകളിലും മുന്നിലാണെന്ന് നിങ്ങൾ കണ്ടെത്തും. ബിസിനസ്സ് ചെയ്യാനുള്ള സൗകര്യങ്ങളിൽ ഞങ്ങൾ ഒന്നാമതാണ്,” അവർ ഉറപ്പിച്ചു പറഞ്ഞു. രാജ്യത്തുടനീളമുള്ള ആളുകൾ സംസ്ഥാനത്ത് ജോലി ചെയ്യുന്നുണ്ടെന്നും വിവേചനത്തിന്റെ ഒരു സംഭവം പോലും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും മമത പറഞ്ഞു.

ഡെവലപ്പർമാർക്കും നിക്ഷേപകർക്കും സർക്കാരിൽ നിന്നുള്ള എല്ലാ സഹായവും അവർ ഉറപ്പുനൽകി. “നിങ്ങൾക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ എന്നോട് പരാതിപ്പെടാം” അവർ കൂട്ടിച്ചേർത്തു. മാൾഡ, മുർഷിദാബാദ്, ഉത്തർ ദിനജ്‌പൂർ ജില്ലകൾ വിദഗ്‌ധ നിർമ്മാണ തൊഴിലാളികളുടെ ആവാസ കേന്ദ്രമാണെന്ന് വാദിച്ച മമത, റിക്രൂട്ട്‌മെന്റ് ആവശ്യങ്ങൾക്കായി കമ്പനികൾക്ക് ലഭ്യമാകുന്ന ഒരു ഡാറ്റാ ബാങ്ക് സർക്കാർ തയ്യാറാക്കിയിട്ടുണ്ടെന്നും മമത പറഞ്ഞു.