പ്രതീക്ഷക്കൊത്ത് കെപിസിസിയെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നില്ല: കെ സുധാകരൻ

single-img
9 May 2023

പുനഃസംഘടന പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ താൻ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിൽക്കില്ലെന്ന് കെ സുധാകരൻ. പ്രതീക്ഷക്കൊത്ത് കെപിസിസിയെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നില്ല എന്നും കുറച്ച് നേതാക്കൾ പുനഃസംഘടനയോട് സഹകരിക്കുന്നില്ലെന്നും കെ സുധാകരൻ ഇന്ന് ലീഡേഴ്സ് മീറ്റിൽ പറഞ്ഞു.

കോൺഗ്രസിലെ പോഷക സംഘടനകളുടെ ഭാരവാഹികളെ നിശ്ചയിക്കുന്നത് താനെ അറിയിക്കുന്നില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രസിഡന്‍റ് ആരാണെന്ന് ടി എൻ പ്രതാപനോട് കെ സുധാകരൻ ചോദിച്ചു. അതേസമയം,രാഷ്ട്രീയ നയരൂപീകരണ ചർച്ചകൾക്കായി കെപിസിസിയുടെ ലീഡേഴ്സ് മീറ്റിന് വയനാട്ടിൽ തുടക്കമായി. കെപിസിസി ഭാരവാഹികൾ, എംപി മാർ എംഎൽഎമാർ രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ ഡിസിസി പ്രസിഡന്റുമാർ എന്നിവരാണ് മീറ്റില്‍ പങ്കെടുക്കുന്നത്.

അടുത്തുതന്നെ സംസ്ഥാനത്തെ വരാനിരിക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിന് പാർട്ടിയെ ശക്തിപ്പെടുത്തലാണ് മുഖ്യ അജണ്ട. രാഷ്ട്രീയ സംഘടനാ വിഷയങ്ങളിൽ ചൂടേറിയ ചർച്ചകൾ യോഗത്തിൽ ഉണ്ടാകും. പിണറായി സർക്കാരിന്‍റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തേണ്ട പ്രതിഷേധ പരിപാടികൾക്കും ലീഡേഴ്സ് മീറ്റ് രൂപം നൽകും. ലീഡേഴ്സ് മീറ്റിൽ കെ സുധാകരൻ സംഘടനാ രേഖ അവതരിപ്പിച്ചു.