തോൽവി ഭയന്ന ബിജെപി ഗുജറാത്തിൽ സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി; ആരോപണവുമായി ആംആദ്മി പാർട്ടി

single-img
16 November 2022

അടുത്ത മാസം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയം ഭയന്ന ബിജെപി തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയതായി ആംആദ്മി പാർട്ടിയുടെ ആരോപണം. സംസ്ഥാനത്തെ സൂറത്ത് ഈസ്റ്റ് സ്ഥാനാർത്ഥി കാഞ്ചൻ ജരിവാലയെയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് ആംആദ്മി ആരോപിക്കുന്നത്. ഈ ചൊവ്വാഴ്ച മുതൽ ജരിവാലയെയും കുടുംബാംഗങ്ങളെയും കാണാതായതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

ഇദ്ദേഹത്തെ അവസാനമായി കണ്ടത് സൂറത്തിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്‌ക്കാണെന്നും ആംആദ്മി നേതാവ് പറയുന്നു. സൂക്ഷ്മപരിശോധനയ്ക്കായി റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലെത്തിയ ജാരിവാലയെ നാമനിർദ്ദേശ പത്രിക പിൻവലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന് സിസോദിയ ആരോപിച്ചു.

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ ബിജെപി ദയനീയമായി തോൽക്കുകയാണെന്നും സൂറത്ത് ഈസ്റ്റിൽ നിന്നുള്ള തങ്ങളുടെ സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോകുന്ന തലത്തിലേക്ക് ബിജെപി തരംതാഴ്ന്നുവെന്ന് സിസോദിയ ഇന്ന് ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മത്സരിക്കാതിരിക്കാൻ ജരിവാലയുടെ നാമനിർദേശ പത്രിക റദ്ദാക്കാൻ ബിജെപി ഗുണ്ടകളും ശ്രമിച്ചെങ്കിലും റിട്ടേണിംഗ് ഓഫീസർക്ക് പത്രികയിൽ അപാകത ഇല്ലാതിരുന്നതിനാൽ അതിന് സാധിച്ചില്ലെന്നും സിസോദിയ ആരോപിച്ചു.

ഇത് ആം ആദ്മിയുടെ സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോകൽ മാത്രമല്ല, രാജ്യത്തെ ജനാധിപത്യത്തെ തട്ടിക്കൊണ്ടുപോകലാണെന്നും ഗുജറാത്തിൽ ഇത് വളരെ അപകടകരമായ സാഹചര്യമാണെന്നും സിസോദിയ പറയുന്നു.