ചെങ്കോട്ടക്ക് മുന്നിലെ കോൺഗ്രസ് പ്രതിഷേധത്തിന് വിലക്ക്; മുതിര്‍ന്ന നേതാക്കള്‍ അറസ്റ്റില്‍

single-img
28 March 2023

രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്നും അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ചുകൊണ്ട് ചെങ്കോട്ടയിലെ കോണ്‍ഗ്രസ് നടത്താനിരുന്ന പ്രതിഷേധം വിലക്കി ഡല്‍ഹി പൊലീസ്. ഇന്ന് വൈകീട്ട് 7 മണിക്ക് ചെങ്കോട്ടക്ക് മുന്നില്‍ ദീപം കൊളുത്തി പ്രതിഷേധം പ്രകടിപ്പിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് അറിയിച്ചത്. പക്ഷെ ഡല്‍ഹി പൊലീസ് ഇടപെട്ട് പ്രതിഷേധത്തിന് നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു.

പാര്‍ലമെന്റിനുള്ളിലെ പ്രതിഷേധം പുറത്തേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡല്‍ഹി ചെങ്കോട്ടയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കോൺഗ്രസിന് പിന്തുണയുമായി എം പിമാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചെങ്കോട്ടക്ക് മുന്നിലെത്തിയിരുന്നു. തുടർന്ന് ഹരീഷ് റാവത്ത് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റു ചെയ്ത് നീക്കുന്ന സാഹര്യമുണ്ടായി. പോലീസ് വിലക്ക് കാര്യമാക്കാതെ കോണ്‍ഗ്രസിന്റെ നേതാക്കളും പ്രവര്‍ത്തകരും ഇപ്പോഴും ചെങ്കോട്ടയിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്.

മുതിർന്ന നേതാവായ പി ചിദംബരം ഉൾപ്പെടെയുള്ള നിരവധി നേതാക്കള്‍ ഇപ്പോള്‍ അവിടെയുണ്ട്. ഇന്ന് മുതല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന തുടര്‍ സമരങ്ങളാണ് കോണ്‍ഗ്രസ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഡല്‍ഹിയിലും ഇന്ത്യുടെ മറ്റു ഭാഗങ്ങളിലും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്.