ഇറാനിൽ ആയത്തുള്ള ഖൊമേനിയുടെ വീടിന് പ്രതിഷേധക്കാർ തീയിട്ടു

single-img
18 November 2022

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോകൾ പ്രകാരം 1979-ലെ ഇറാന്റെ ഇസ്ലാമിക വിപ്ലവ നേതാവ് ആയത്തുള്ള റുഹോല്ല ഖൊമേനിയുടെ വീടിന് തീപിടിച്ചതായി കാണിക്കുന്നു.മഹ്‌സ അമിനിയുടെ മരണത്തിൽ രാജ്യത്ത് പ്രതിഷേധം ശക്തമായി മൂന്നാം മാസത്തിലേക്ക് കടക്കുന്നതിനിടെ സംഭവം പക്ഷെ സ്റ്റേറ്റ് മീഡിയ നിരസിച്ചു.

മർകസി പ്രവിശ്യയിലെ ഖൊമൈൻ നഗരത്തിൽ സർക്കാർ വിരുദ്ധ പ്രതിഷേധക്കാരുടെ ജനക്കൂട്ടം മാർച്ച് നടത്തിയിരുന്നു. ഇവർ അന്തരിച്ച നേതാവിന്റെ വീട് കത്തിക്കുന്ന വീഡിയോ ക്ലിപ്പുകളുടെ സ്ഥലങ്ങൾ പരിശോധിച്ചതായി അന്താരാഷ്‌ട്ര ഏജൻസികളായ റോയിട്ടേഴ്‌സും എഎഫ്‌പിയും റിപ്പോർട്ട് ചെയ്തു. പക്ഷെ രാജ്യത്തെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നിം, ഖൊമേനിയുടെ വീടിന് തീയിട്ടത് നിഷേധിച്ചു. കുറച്ച് ആളുകൾ വീടിന് പുറത്ത് തടിച്ചുകൂടി എന്ന് മാത്രമാണ് അവർ പറഞ്ഞത്..

അതേസമയം, വീഡിയോകൾ ചിത്രീകരിച്ച തീയതികൾ വാർത്താ ഏജൻസികൾക്ക് സ്വതന്ത്രമായി പരിശോധിക്കാൻ കഴിഞ്ഞില്ല. വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് ആക്ടിവിസ്റ്റ് നെറ്റ്‌വർക്ക് 1500 തസ്വീർ പറഞ്ഞു. 1989-ൽ അദ്ദേഹത്തിന്റെ മരണശേഷം മ്യൂസിയമാക്കി മാറ്റിയിരുന്നു.

സെപ്തംബർ മധ്യത്തിൽ 22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തിന് ശേഷം ഇറാനിലെ നഗരങ്ങളിൽ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് വീഡിയോകൾ പ്രത്യക്ഷപ്പെട്ടത്. രാജ്യത്തെ സ്ത്രീകളുടെ വസ്ത്രധാരണ രീതികൾ പാലിക്കാത്തതിന് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് സദാചാര പോലീസിന്റെ കസ്റ്റഡിയിൽ അമിനി കൊലചെയ്യപ്പെടുകയായിരുന്നു.